ഇടുക്കി: ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊടുപുഴ ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ മുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. ഡി.ഡി.ഇ ഓഫീസിന് മുമ്പിൽ പൊലീസ് ബാരീക്കേട് തീർത്ത് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരീക്കേട് മറിച്ചിടാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. മാർച്ചിന്റെ ഭാഗമായി നടന്ന പ്രതിഷേധ യോഗത്തിന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഇടത് ഭരണത്തിൽ എക്കാലവും വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകളാണ് എടുത്തിട്ടുള്ളത്. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നതും പൊതു വിദ്യാഭ്യാസ മേഖലയുടെ അന്ത്യം കുറിക്കുന്നതുമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിൽ തള്ളണമെന്നും റോയ് കെ. പൗലോസ് പറഞ്ഞു. ജോൺ നെടിയപാല, ടി.ജെ പീറ്റർ, എൻ.ഐ. ബെന്നി, ജോബി സി. ജോയി, അരുൺ രാജേന്ദ്രൻ, ജെസൺ സണ്ണി, എം.കെ. ഷാജഹാൻ, സുരേഷ് രാജു, മനോജ് കോക്കാട്ട്, സാം ജേക്കബ് എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സിബി ജോസഫ്, സോയിമോൻ സണ്ണി, ജസ്റ്റിൻ ചെകിടി, റംഷാദ് റഫീഖ്, ഉമ്മർ ഫറൂഖ്, ഫസൽ സുലൈമാൻ, ജോസ്‌കുട്ടി ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പ്രതിഷേധ യോഗം നടക്കുന്നതിനിടയിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്ത വാർത്ത നിറഞ്ഞ കൈയടികളോടെ പ്രവർത്തകർ വിധിയെ സ്വാഗതം ചെയ്തു.