തൊടുപുഴ: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നടത്തിയ ഒ.പി ബഹിഷ്‌കരണ സമരത്തെ തുടർന്ന് ജില്ലയിൽ ആയിരക്കണക്കിന് രോഗികൾ വലഞ്ഞു. രാവിലെ ആശുപത്രികളിൽ എത്തിയപ്പോഴാണ് മിക്ക രോഗികളും ഡോക്ടർമാരുടെ സമരത്തെക്കുറിച്ച് അറിഞ്ഞത്. കൊൽക്കത്തയിലെ ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി 24 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി..എം.ഒ.എ) രാവിലെ എട്ട് മുതൽ 10 വരെ ഒ.പി ബഹിഷ്‌ക്കരിച്ചു. സർക്കാർ ഡോക്ടർമാർ
സ്വകാര്യ ചികിത്സ മുടക്കിയും സമരത്തിന് പിന്തുണ നൽകി. ഒ.പി ബഹിഷ്‌കരണം നടന്നെങ്കിലും അത്യാഹിത വിഭാഗം പ്രവർത്തിച്ചു. ജില്ലയിലെ തൊടുപുഴയിലും പൈനാവിലുമുള്ള ജില്ലാ ആശുപത്രികൾ, വിവിധ മേഖലകളിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം, സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ രാവിലെ ബഹിഷ്‌കരണ സമരം നടന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെ.ജി.എം.ഒ.എ അംഗങ്ങളായിട്ടുള്ള നേത്രം, ഓർത്തോ, ദന്തം, ഇ.എൻ.ടി, ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള മുഴുവൻ ഡോക്ടർമാരും സമരത്തിൽ പങ്കെടുത്തു. ഇന്നലെ അവധി ദിവസം ആയിരുന്നതിനാൽ ഇന്ന് എല്ലാ ആശുപത്രികളിലും രോഗികളുടെ നല്ല തിരക്ക് ഉണ്ടായിരുന്നു. മഴക്കാല രോഗങ്ങളും ചില സ്ഥലങ്ങളിൽ പകർച്ചവ്യാധി പോലുള്ള രോഗങ്ങളും ആശുപത്രികളിൽ തിരക്കിന് കാരണമായി. ഏറെ ദൂരം സഞ്ചരിച്ചു ആശുപത്രികളിൽ എത്തിയ ഹൈറേഞ്ചു പോലുള്ള സ്ഥലങ്ങളിൽ രോഗികളെ സമരം ദുരിതത്തിലാക്കി. അത്യാഹിത വിഭാഗം പ്രവർത്തിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഡോക്ടർമാരുടെ സമരം അറിയാതെ രാവിലെ മുതൽ ആശുപത്രികളിൽ എത്തിയ വൃദ്ധരും കുട്ടികളും ഇവർക്കൊപ്പം വന്നവരും ഉൾപ്പടെയുള്ളവർ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി തിരികെ പോയത് ഏറെ സമയം കഴിഞ്ഞാണ്. ആശുപത്രി വരാന്തയിലും മറ്റും ഏറെ സമയം ഡോക്ടറെ കാത്ത് നിൽക്കേണ്ടി വന്നത് രോഗികളെയും അവർക്കൊപ്പം വന്നവരെയും ഏറെ കഷ്ടത്തിലാക്കി.