car
കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ കാർ

പീരുമേട്: വഴിയിൽ വച്ചുണ്ടായ നിസാര വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കാറിടിച്ചു വീഴ്ത്തി. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എൽ.എം.എസ് എസ്റ്റേറ്റിനു സമീപത്ത തെപ്പക്കുളം പുതുവേലിൽ മഹേന്ദ്രനാണ് (28) സാരമായി പരിക്കേറ്റത്. സംഭവത്തിൽ കോട്ടയം മണർകാട് സ്വദേശികളായ ഐപ്പ് (52) ബിജുമോൻ (42) എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ രണ്ടു പേർ പീരുമേട്,​ ഏലപ്പാറ സമാന്തരപാതയായ തെപ്പക്കുളത്ത് സുഹൃത്തിനെ കാണാൻ കാറിൽ എത്തിയതായിരുന്നു. ഇടുങ്ങിയ പാതയിലൂടെ അമിത വേഗതയിൽ വാഹനം ഓടിച്ചു പോയത് വഴിയാത്രക്കാരനായ മഹേന്ദ്രൻ ചോദ്യം ചെയ്തു. ഇതെചൊല്ലി വാഹനത്തിലുണ്ടായിരുന്നവരും മഹേന്ദ്രനും തമ്മിൽ വാക്കുതർക്കത്തിലായി. നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. കുറച്ച് സമയത്തിന് ശേഷം തിരികെ എത്തിയ കാർ വഴിയരുകിൽ നിന്നിരുന്ന മഹേന്ദ്രനെ ഇടിക്കുകയുകയാരുന്നു. ശേഷം വാഹനം നിറുത്താതെ രക്ഷപെടാൻ ശ്രമിക്കവെ സമീപത്തെ കയ്യാലയിൽ കാർ ഇടിച്ച് അപകടത്തിൽ പെട്ടു. മദ്യലഹരിയിലായിരുന്നെന്നും കൊലപാതക ശ്രമം നടത്തിയെന്നും ആരോപിച്ച് നാട്ടുകാർ ബലം പ്രയോഗിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് ആദ്യമെത്തിയ പീരുമേട് അഗ്‌നി രക്ഷാ സേനയാണ് മഹേന്ദ്രനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ എത്തിയ പൊലീസുകാർ കാറുകാരെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പീരുമേട് പൊലീസ് കേസെടുത്തു.