രാജാക്കാട്: ജോലി വാഗ്ദാനത്തിൽ കുടുങ്ങി നിർധന കുടുംബത്തിലെ യുവാവിന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. മൂന്നാർ കന്നിമല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. യുവാവിന്റെ രക്ഷിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകി.

നെടുമ്പാശേരി എയർപോർട്ടിൽ മെയിന്റൻസ് എൻജിനിയർ ജോലി നൽകാമെന്നതായിരുന്നു വാദ്ഗാനം. കോളേജ് പഠനത്തിനു ശേഷം ക്യാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത യുവാവിന് ഫോണിലൂടെ ജോലി വാഗ്ദാനം എത്തുകയായിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കൊച്ചി ശാഖയിൽ നിയമനം നൽകാമെന്നും, ഇതിനായി രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും, ജോലി ലഭിച്ചാൽ ഈ തുക മടക്കി നൽകാമെന്നുമായിരുന്നു സന്ദേശം. കാറ്ററിംഗ് ജോലികൾ ചെയ്ത് ജീവിക്കുന്ന യുവാവിന്റെ രക്ഷിതാക്കൾ വായ്പ് വാങ്ങിയും ആഭരണങ്ങൾ പണയം വച്ചും ആവശ്യപ്പെട്ട പണം നൽകി. ഏപ്രിൽ എട്ടിന് ജോലിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് യുവാവിന് ആദ്യം മെയിൽ സന്ദേശം ലഭിച്ചു. അവസാന നിമിഷം അന്ന് ജോലിയ്ക്ക് ഹാജരാകേണ്ടതില്ലെന്നും, തീയതി പിന്നീട് അറിയിക്കാമെന്നും സന്ദേശം കിട്ടി. മെയ് ഒന്നിന് ജോലിയ്ക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മെയിൽ ലഭിച്ചതൊനെത്തുടർന്ന് യുവാവും രക്ഷിതാക്കളും കൊച്ചിയിലെ വിലാസത്തിൽ എത്തി. എന്നാൽ തങ്ങളുടെ കമ്പനിയിൽ നിന്നും ഇത്തരമൊരു തസ്തികയ്ക്ക് ജോലിക്കാരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോലിക്കായി പണം വാങ്ങുന്ന പതിവില്ലെന്നും അധികൃതർ അറിയിതോടെയാണ് തങ്ങൾ കബളിക്കപ്പെടുകയായിരുന്നു എന്ന് ഇവർക്ക് മനസിലായത്. നേരത്തേ വിവരങ്ങൾ കൈമാറിയിരുന്ന ഫോണിലേയ്ക്ക് ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.