അടിമാലി: കുരങ്ങാട്ടിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് പൊലീസുദ്യോഗസ്ഥന് പരിക്കേറ്റു. അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ ജീവനക്കാരനും മുനിയറ സ്വദേശിയുമായ പ്ലാക്കാട്ട് വീട്ടിൽ പി ആർ ബിനുവിനാണ് (45) പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. കുരങ്ങാട്ടി കവലയിൽ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന ബൈക്കും പ്ലാമലയ്ക്ക് പോവുകയായിരുന്ന ജീപ്പും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് വീണ ബിനുവിന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇറക്കമിറങ്ങി വന്ന ജീപ്പ് തന്റെ ബൈക്കിൽ തട്ടുകയായിരുന്നെന്ന് ചിക്തസയിൽ കഴിയുന്ന ബിനു പറഞ്ഞു. പ്ലാമലയിൽ നിന്ന് തൊടുപുഴക്ക് പോകാനായി ബിനു മച്ചിപ്ലാവിലേക്ക് വരുമ്പോഴായിരുന്നു അപകടം. പീച്ചാട് മേഖലയിലെ തോട്ടത്തിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് ബൈക്കിൽ തട്ടിയത്. മൂന്നും ചേർന്ന കവലയായതിനാൽ ഉണ്ടായ ആശയകുഴപ്പാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ജീപ്പ് ഡ്രൈവർ പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബിനുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടു പോയി.