pappachan

രാജാക്കാട്: കാറ്റും മഴയും കനക്കുന്നതോടെ കൂറ്റൻ മരങ്ങൾ ജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ രാജാക്കാട്ടിൽ എല്ലാവരും തിരക്കുന്ന ഒരാളുണ്ട് ,അറുപത്തിയൊന്ന് പിന്നിട്ട ടിമ്പർ തൊഴിലാളി അമ്പലക്കവല കോച്ചേരിൽ വീട്ടിൽ അപ്പച്ചനെ. വീടുകളുടെയും വൈദ്യുത ലൈനുകടുടെയുമൊക്കെ മേലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന തെങ്ങ് ഉൾപ്പെടെയുള്ള കൂറ്റൻ മരങ്ങളും ശിഖരങ്ങളുമെല്ലാം സുരക്ഷിതമായി വെട്ടി നീക്കുന്നതിൽ വിദഗ്ധനാണ് ഒരു കണ്ണിന് മാത്രം കാഴ്ച്ചയുള്ള നാട്ടുകാരുടെ സ്വന്തം 'കോച്ചേരി".
ഇരുപത്തി ഒന്നാം വയസ്സിൽ മരംകയറ്റം ആരംഭിച്ച അപ്പച്ചന് ഇന്നിത് തൊഴിലും കലയും ജീവിതവും ഒക്കെയാണ്. ടിമ്പർ തൊഴിലാളികൾ തടിപ്പണി ചെയ്യുന്ന സ്ഥലങ്ങളിൽ അപകടംപിടിച്ച വൻ മരങ്ങളിൽ കയറി ശിഖരങ്ങൾ സുരക്ഷിതമായി വെട്ടി ഇറക്കുന്നതിനും വൃക്ഷങ്ങൾ വീഴ്ത്തുന്നതിനുമൊക്കെ ഇദ്ദേഹത്തിന്റെ സേവനമാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. പിന്നീട് നാട്ടുകാരും ഇത്തരം ആവശ്യങ്ങൾക്ക് കോച്ചേരിയെത്തന്നെ ആശ്രയിക്കുവാൻ തുടങ്ങി. മഴക്കാലം ആരംഭിച്ചൽ ഇദ്ദേഹത്തിന് അക്ഷരാർത്ഥത്തിൽ 'നിലത്തിരിക്കാൻ" നേരമില്ല. ഒരു കൈ വിരലുകൾക്ക് അൽപ്പം സ്വാധീനക്കുറവ് ഉണ്ടെങ്കിലും അതൊന്നും തൊഴിലിനെ ബാധിക്കാറേയില്ല.
രാജാക്കാട്മാങ്ങാത്തൊട്ടി റൂട്ടിൽ കൂറ്റൻ മരത്തിന്റെ ശിഖരം റോഡിലേയ്ക്ക് വീഴാൻ പാകത്തിന് ഒടിഞ്ഞുതൂങ്ങി നിന്നത് കഴിഞ്ഞ ദിവസം ഇദ്ദേഹമാണ് വെട്ടി നീക്കിയത്. പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതുപ്രകാരം ദൗത്യമേറ്റെടുത്ത കോച്ചേരി സമീപത്തെ മരത്തിൽ നിന്നും വടം എറിഞ്ഞ് വൻ മരത്തിൽ ബന്ധിച്ചു. തുടർന്ന് അഭ്യാസിയെപ്പോലെ അതുവഴി പിടിച്ചുകയറി മുകളിലെത്തി. പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സഹായവുമായി എത്തി. പൊലീസ് വാഹനഗതാഗതം നിയന്ത്രിച്ചു. ഇരുപത് മിനിറ്റുകൊണ്ട് ഭീഷണിയായി തൂങ്ങിക്കിടന്ന് ശിഖരം മുറിച്ച് കയറിൽ കെട്ടി താഴെ ഇറക്കി എല്ലാവരുടെയും കയ്യടി നേടുകയും ചെയ്തു.