board

ചെറുതോണി: വെള്ള പാറയിൽ പൊതുവഴിയിൽ അവകാശമുന്നയിച്ച് വൈദ്യുതി വകുപ്പ്. വെള്ളപാറയിലെ വനം വകുപ്പിന്റെ ബോട്ടിംഗ് ടിക്കറ്റ് കൗണ്ടറിന് സമീപം സ്വകാര്യ നിരത്ത് എന്ന് പ്രഖ്യാപിച്ച് ബോർഡും സ്ഥാപിച്ചിരിക്കുകയാണ് വൈദ്യുത വകുപ്പ്. തൊടുപുഴ പുളിയൻ മല സംസ്ഥാന പാതയിൽ കൊലുമ്പൻ സമാധിക്ക് മുൻപിൽ നിന്നും ഹിൽവ്യൂ പാർക്കിലേക്ക് പോകുന്ന റോഡിലാണ് വൈദ്യുത വകുപ്പ് അവകാശമുന്നയിച്ചിരിക്കുന്നത്. ഹിൽവ്യൂ പാർക്കിന് പുറമേ സർക്കാർ അതിഥി മന്ദിരം, പി ഡബ്ലൂ ഡി റെസ്റ്റ് ഹൗസ് ,ഇന്ത്യൻ നേവിയുടെ പരിശീലന കേന്ദ്രം, വനം വകുപ്പിന്റെയും , ഡി ടി പി സി യുടെയും വിവിധ ഓഫീസുകൾ, വനം വകുപ്പിന്റെ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള ഹണിമൂൺ കോട്ടേജുകൾ, എന്നിവയ്ക്ക് പുറമെ പത്തോളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. അടുത്തിടെ ഹിൽവ്യൂ പാർക്കിൽ സഹകരണ ബാങ്കിന്റെ പങ്കാളിത്തത്തോടെ വിവിധ സാഹസിക വിനോദ പദ്ധതികളും ആരംഭിച്ചിരുന്നു. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക് സഞ്ചാരികൾ കടന്നു വരുന്നതും ഇതുവഴിയാണ്. ഈ ബോർഡ് കണ്ട് തെറ്റി ധരിച്ച് സ്വകാര്യനിരത്തെന്ന് കരുതി പല സന്ദർശകരും തിരിച്ചുപോയതായും ആരോപണമുണ്ട്. ഇത്തരത്തിൽ സമീപ പ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡുകൾ നീക്കം ചെയ്ത് പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ഉണ്ടാകുന്ന തെറ്റിധാരണകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.