അടിമാലി: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി അടിമാലിയിലെ വിവിധ മത്സ്യ വിൽപ്പന ശാലകളിൽ മിന്നൽ പരിശോധന നടത്തി.അടിമാലി പൊതുമാർക്കറ്റിലെ ചില മത്സ്യ വ്യാപാരശാലകളിലും ദേശിയപാതയോരത്തെ ഏതാനും ചില മത്സ്യ വ്യാപാര ശാലകളിലുമായിരുന്നു ഫുഡ്‌സേഫ്റ്റി വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഫിഷറീസ് വകുപ്പിലേയും ഉദ്യോഗസ്ഥർ ചേർന്ന് മിന്നൽ പരിശോധന നടത്തിയത്.പരിശോധനയിൽ വിൽപ്പനക്കായി വച്ചിരുന്ന ചില വ്യാപാരശാലകളിലെ മത്സ്യങ്ങളിൽ ഫോർമലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ദേവികുളം ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു. പരിശോധന നടത്തിയ 6 കടകളിൽ നാല് കടകൾക്ക് പരിശോധന സംഘം മുന്നറിയിപ്പ് നോട്ടീസ് നൽകി.ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.പരിശോധന നടത്തിയ വ്യാപാരശാലകളിൽ എല്ലാം ഐസിന്റെ ഉപയോഗം തീർത്തും കുറവായിരുന്നുവെന്ന് പരിശോധന സംഘം ഉദ്യോഗസ്ഥർ പറഞ്ഞു.ഇതിനോടകം കട്ടപ്പന,തൊടുപുഴ തുടങ്ങിയ ടൗണുകളിൽ ഓപ്പറേഷൻ സാഗർ റാണി നടപ്പിലാക്കി കഴിഞ്ഞു.