മറയൂർ: അന്വേഷണ ഉദ്യോഗസ്ഥർ 720 കലോ ചന്ദനം കണ്ടെത്തിയ ആന്ധ്രയിലെ ബൊമ്മ സമുദ്രത്തിലെ ചന്ദന ഫാക്ടറി കേരളത്തിലെ സർക്കാർ ചന്ദന ഫാക്ടറിയുടെ നാലിരട്ടി സൗകര്യങ്ങളോട് കൂടിയത്. അത്യാധുനിക സൗകര്യങ്ങളും വൈദ്യുതി തടസ്സം നേരിടാതെ പ്രവർത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഉൾപ്പെടെ പൂർണ്ണ സജ്ജമായാണ് ഫാക്ടറി പ്രവർത്തിച്ചു വന്നത്.
മറയൂർ ചന്ദനറിസർവ്വുകളിൽ നിന്നൂം സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദന മോഷണം വ്യാപകമായതോടെയാണ് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. മലപ്പുറം സ്വദേശികളായ മധുസുദനൻ,സെയ്ഫുദീൻ എന്നിവർ പിടിയിലായതോടെയാണ് അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചു തുടങ്ങിയത്. മറയൂർ ഡിവിഷൻ നടത്തുന്ന ഏറ്റവും വലിയ ചന്ദന വേട്ടയാണ് മൂന്നാർ ഡി എഫ് ഒ , മറയൂർ ഡി എഫ് ഒ എന്നിവരുടെ നേതൃത്വത്തിൽ നടന്നത്
കള്ളക്കടത്തിലൂടെ എത്തിക്കുന്ന ചന്ദനത്തടികളിൽ നിന്നും തൈലം നിർമ്മിക്കുന്നതിനായി പ്രവർത്തിച്ചു വന്നത് 13 ബോയിലറുകളുള്ള വമ്പൻ ചന്ദന ഫാക്ടറി. കേരളത്തിൽ നിന്നെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ചന്ദന ഫാക്ടറി കണ്ട് അമ്പരക്കുകയായിരുന്നു. കേരളത്തിൽ പൊതുമേഖലയിലുള്ള മറയൂർ ചന്ദന ഫാക്ടറിൽ പ്രവർത്തിക്കുന്നത് മൂന്ന് ബോയിലറുകളാണ് . ചന്ദനത്തിന്റെ ലഭ്യത ഏറെയുള്ള മറയൂരിൽ മൂന്ന് ബോയിലറുകൾ പ്രവർത്തിക്കുമ്പോഴാണ് കള്ളക്കടത്ത് സംഘം 13 ബോയിലറുകൾ പ്രവർത്തിപ്പിച്ച് ചന്ദന തൈലം ഉത്പാദിപ്പിച്ച പോന്നിരുന്നത്.
മറയൂരിൽ ചന്ദനക്കൊള്ള വ്യാപകമായതിനെ തുടർന്ന് ഇതിന് തടയിടുന്നതിനായി മുഖ്യമന്ത്രി ആയിരൂന്ന വി എസ് അച്യുതാനന്ദൻ കേരളത്തിലെ മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ചന്ദന ഫാക്ടറികൾ നിർത്തലാക്കുകയും പൊതുമേഖലയിൽ ചന്ദന ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. ഇത് ചന്ദന മാഫിയാ സംഘത്തിന് കനത്ത തിരിച്ചടിയായിരുന്നു. കേരളത്തിൽ പരശോധനയും അന്വേഷണവും ശക്തമാക്കിയതോടെയാണ് ചന്ദന മാഫിയ തൈലത്തിന്റെ നിർമ്മാണം അയൽ സംസ്ഥാനങ്ങളലേക്ക് മാറ്റിയത്. തമിഴ്നാട് അതിർത്തിയായ വേലൂരിൽ നിന്നും ഒൻപത് കലോമിറ്റർ അകലത്തിലാണ് ചന്ദന ഫാക്ടറി പ്രവർത്തിച്ചു വന്ന ചിറ്റൂർ ജില്ലയിലെ ബൊമ്മ സമുദ്രം. 2009 വരെ ഫാക്ടറി അനുമതികളോടെയാണ് പ്രവർത്തിച്ചത് എന്നാൽ കഴിഞ്ഞ പത്ത് വർഷമായി അനധികൃതമായിട്ടാണ് ചന്ദന തൈല നിർമ്മാണം നടത്തി വന്നിരുന്നത്.
ദുബായ് കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നാണ് അന്വേഷണം സംഘത്തിന് ലഭിച്ച വിവരം . ദുബൈയിൽ ബിസനസ് നടത്തിവരുന്ന മലപ്പുറം സ്വദേശിയുടെ പേരിലാണ് 2009 വരെ ലൈസൻസ് ഉണ്ടായിരുന്നത്. ഇയാളുടെ ഇമഗ്രേഷൻ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ച മലപ്പുറം മോങ്ങം സ്വദേശി ഷൊഹൈബ് (കുഞ്ഞാപ്പു )പിടിയിലായതോടെയാണ് ചന്ദന ഫാക്ടറിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നിരവധി ആഡംബര വാഹങ്ങൾ ഉപയോഗപ്പെടുത്തിയാണ് മറയൂരിൽ നിന്നും ചന്ദനം കടത്തിയതെന്നാണ് വിവരം ഈ വാഹനങ്ങൾ തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രികരിച്ചാണ് എത്തിച്ചിരുന്നത് ഇവ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും നടന്നു വരുന്നു.
മറയൂരിൽ നിന്നും മലപ്പുറം കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങളാണ് ചന്ദനം വാങ്ങിയിരുന്നത് ഇതിൽ ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ പിടിയിലായത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള മറ്റൊരു സംഘവും ഇവർക്ക് മറയൂരിൽ നിന്നൂം ചന്ദനം നൽകിയ സംഘവും ഉടൻ പിടിയിലാകുമെന്ന് അന്വേഷണ സംഘം സൂചന നൽകുന്നു