uparotham
നഗരസഭാ ഓഫീസ് ഉപരോധം

കട്ടപ്പന: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനായി വിളിച്ചു വരുതി പുതുക്കാനാവാതെ മടക്കി അയച്ചതിൽ വ്യാപക പ്രതിഷേധം. മണിക്കൂറുകളോളം കാത്തിരുന്നു മടുത്ത നാട്ടുകാർ സംഘടിച്ചെത്തി നഗരസഭ ഓഫീസ് ഉപരോധിച്ചു. നഗരസഭ അധികൃതരുടെയും പുതുക്കാനെത്തിയ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെ
യും നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ പരിഹാരമായി.
കട്ടപ്പന നഗരസഭയിലെ 7, 8, 9, 17, 20, 27, 29 വാർഡുകളിലെ നുറു കണക്കിനാളുകളാണ് കാർഡ് പുതുക്കുന്നതിനായി കട്ടപ്പന ടൗൺ ഹാളിൽ എത്തിയത്.ഇന്നലെ രാവിലെ ആറു മണി മുതൽ എത്തിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ 11 മണിയായിട്ടും കാർഡ് പുതുക്കൽ നടപടികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്കായില്ല. മെഷീൻ തകരാറിലായതാണ് പുതുക്കാൻ കഴിയാതിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ യന്ത്രം തകരാറിലായ കാര്യം കാത്തിരുന്ന ജനങ്ങളോട് ഉദ്യോഗസ്ഥർ അറിയിച്ചതുമില്ല. അറുപതും എഴുപതും വയസുള്ള സാധാരണക്കാരും കൂലിപ്പണിക്കാരും അടക്കമുള്ളവരാണ് കാത്തിരുന്നു മടുത്തവരിൽ ഏറെയും. പലരും ഷുഗറിന്റെയും പ്രഷറിന്റെയും ഗുളിക പോലും കഴിക്കാതെയാണ് എത്തിയത്. കാത്തിരുന്നും വിശന്നും വലഞ്ഞ വയോജനങ്ങളടക്കമുള്ളവരെ വലച്ചതല്ലാതെ യാതൊരു പ്രയോജനമുണ്ടായില്ല. ഒടുവിൽ പ്രതിഷേധം ശക്തമായി നഗരസഭ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ ഉദ്യോഗസ്ഥരും പൊലീസും പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ ഇന്നലെ വന്ന മുഴുവനാളുകൾക്കും ഇന്ന് രാവിലെ 10 മുതൽ കാർഡ് പുതുക്കി നൽകുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.