പീരുമേട്: പാഞ്ചാലിമേട് ടൂറിസം പദ്ധതി തകർക്കാൻ ചില ഗൂഡ ശക്തികൾ ശ്രമിക്കുന്നതായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പറഞ്ഞു. പാഞ്ചാലി മേട്ടിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഞ്ചാലിമേട് കേരളത്തിൽ തന്നെ അറിയപ്പെടുന്ന പ്രദേശമാണ്.അമ്പലവും കുരിശും നിലനിർത്തിയാണ് പാഞ്ചാലി മേടിന്റെ വികസനം സാദ്ധ്യമാക്കിയത്. കഴിഞ്ഞ ദുഖവെള്ളിയാഴ്ച വിശ്വാസികൾ മല കയറിയപ്പോൾ ഇവിടെ സ്ഥാപിച്ച മരക്കുരിശ് മാറ്റാതിരുന്നതാണ് ആരോപണത്തിനിടയാക്കിയത്. ആരോപണം ഉയർന്നതോടെ മരക്കുരിശ് മാറ്റിയെങ്കിലും ചില ശക്തികൾ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. എല്ലാ സമുദായക്കാരും ഒരുമയോടെ ജീവിക്കുന്ന ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് .നാട്ടിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്തിരിയണം.ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും നിരവധി ആളുകളുടെ തൊഴിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.വാർത്താ സമ്മേളനത്തിൽ ഡി ടി പി സി സെക്രട്ടറി ജയൻ പി വിജയൻ ,കെ.പി സുകു, പഞ്ചായത്ത് സെക്രട്ടറി റ്റി ജി തോമസ് ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.