ഇടുക്കി : മഴക്കാലമായതോടെ കൊതുകു വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പു പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലയുടെ ചിലഭാഗങ്ങളിൽ എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ തോത് ഉയർന്നിട്ടുണ്ട്. വണ്ണപ്പുറം മേഖലയിലെ മുള്ളരിങ്ങാട്ടാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലായുള്ളത്. റബർതോട്ടങ്ങളും കൊക്കോതോട്ടങ്ങളും ഇവിടെ കൂടുതലുണ്ട്. മാത്രമല്ല മലഞ്ചെരിവുകളുമാണ്. റബർ തോട്ടങ്ങളിൽ ചിരട്ടയിൽ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിവയ്ക്കണം. കൊക്കോത്തൊണ്ടുകൾ മണ്ണിൽ കുഴിച്ചുമൂടിയാൽ അതിൽവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കഴിയും.വണ്ണപ്പുറം കൂടാതെ തട്ടക്കുഴ, കരിമണ്ണൂർ, മരിയാപുരം, തൊടുപുഴ നഗരസഭ, കുമളി തുടങ്ങിയ ഭാഗങ്ങളിലും ഡെങ്കിപ്പനി ബാധിതരുണ്ട്. വീടുകൾക്കുള്ളിലെ പൂച്ചട്ടികളിലും അക്വേറിയങ്ങളിലും കൊതുകുകൾ വളരാൻ സാധ്യത കൂടുതലാണ്. തൊഴിലുറപ്പ് ഉൾപ്പെടെ വിവിധ ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. മാലിന്യം യഥാസമയം നീക്കം ചെയ്യാനുള്ള ചുമതല പഞ്ചായത്തുകൾക്കാണ്. തങ്ങളുടെ പരിധിയിൽ മാലിന്യം കെട്ടിക്കിടക്കുന്നില്ലെന്ന് ഓരോ പഞ്ചായത്തും ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ പഞ്ചായത്ത് വകുപ്പിന് നിർദേശം നൽകി. പല പഞ്ചായത്തുകളും മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ അലംഭാവം കാട്ടുകയാണെന്ന് ഹരിതമിഷൻ, ശുചിത്വമിഷൻ പ്രതിനിധികൾ അറിയിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ കാര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ കർശന നിലപാടു സ്വീകരിക്കണം. ഇതല്ലെങ്കിൽ ഇവ വഴിയോരങ്ങളിലും തോടുകളിലും മറ്റും കെട്ടിക്കിടന്നു ഗുരുതരമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കും. ഇപ്പോൾത്തന്നെ ജില്ലയുടെ ചില ഭാഗങ്ങളിൽ ഇത്തരത്തിൽ പ്ളാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നതുണ്ട്. ഉത്തരവാദികൾക്കെതിരേ ദുരന്തനിവാരണ നിയമം അനുസരിച്ച് കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
പ്ളാസ്റ്റിക് മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി അവ ഏഴുശതമാനം ടാറിൽ ചേർത്ത് റോഡ് നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്.
കുമളിയിൽ 17 പേർക്ക് എച്ച്1 എൻ 1 പനി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും ആവശ്യത്തിനു മരുന്നുണ്ടെന്ന് ഡി എം. ഒ അറിയിച്ചു.വൈറൽ പനി ബാധിതർ ഇപ്രാവശ്യം കുറവാണ്.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവത്കരണ ക്ലാസുകളും പരിശോധനയും ശക്തമാക്കാൻ തൊഴിൽവകുപ്പിനു നിർദേശം നൽകി. ആയുർവേദ, ഹോമിയോ വിഭാഗങ്ങളും ബോധവത്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും നടത്തിവരുന്നുണ്ടെന്നു അതത് ഡിഎംഒമാർ അറിയിച്ചു.