ഇടുക്കി : ജില്ലയിലെ വിദ്യാലയങ്ങളിൽ വായനപക്ഷാചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വെള്ളത്തൂവൽ ഗവൺമെന്റ് ഹയർ സെ്ക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി നിർവ്വഹിച്ചു.
പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണംജോസ് കോനാട്ട് നടത്തി.ജൂലായ് ഏഴിനാണ് പക്ഷാചരണം സമാപിക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ്, പബ്ലിക് റിലേഷൻസ് എന്നീ വകുപ്പുകൾ സംയുക്തമായിട്ടാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്. വെള്ളത്തൂവൽ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. ടി.ആർ അജിതകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഇ.ജി. സത്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ.എം. കുര്യൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാസെക്രട്ടറി ഏലിയാസ് കാവുമറ്റം, കാൻഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തിൽ, എ.കെ.ജി ലൈബ്രറി സെക്രട്ടറി കെ.വി രവീന്ദ്രൻ, പി.എക്സ് ആന്റണി എന്നിവർ സംസാരിച്ചു.

കട്ടപ്പന ഉപജില്ലയിലെ വായനാദിനാഘോഷം കട്ടപ്പന എ.ഇ.ഒ ഇൻചാർജ്ജ് ഷാജിമോൻ കെ.ജെയുടെ അദ്ധ്യക്ഷതയിൽ നാരകക്കാനം സെന്റ് ജോസഫ് യു.പി സ്‌കൂളിൽ നടത്തി. വാർഡ് മെമ്പർ എൽസമ്മ ജോയി മുഖ്യപ്രഭാഷണം നടത്തി.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് തങ്കച്ചൻ മാണി ലഘുവിവരണം നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ ജോസഫ് എം.റ്റി വായനയുടെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചു. മൂന്നാർ ഉപജില്ലയിലെ ആഘോഷങ്ങൾ പള്ളിവാസൽ എൽപി സ്‌കൂളിൽ നടന്നു.