ഇടുക്കി : ജില്ലയിലെ ബാങ്കുകൾ ഈ സാമ്പത്തിക വർഷം 7913.61 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതിൽ 6886.88 കോടി രൂപ മുൻഗണനാ വിഭാഗത്തിലാണ് നൽകിയത്. കാർഷിക വായ്പയായി 4257.45 കോടി രൂപയും കാർഷികേതര വായ്പയായി 589.83 കോടി രൂപയും മുൻഗണനാ വിഭാഗത്തിൽ 2039.60 കോടി രൂപയും വായ്പയായി അനുവദിച്ചു. 2018-19 സാമ്പത്തിക വർഷം ജില്ലയിലെ ബാങ്കുകളുടെ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 14.79 ശതമാനം വർദ്ധിച്ച് 8221.73 കോടി രൂപയായി. ബാങ്ക് വായ്പ 15.98 ശതമാനം വർദ്ധിച്ച് 10343.69 കോടി രൂപയായി. വായ്പാ നിക്ഷേപാനുപാതം 125.73 ശതമാനമാണ്. ഇത് സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്നതാണ്. പ്രളയ ദുരിതാശ്വാസ പദ്ധതിയായ റീ സർജന്റ് കേരള ലോൺ സ്‌കീം പദ്ധതിയിൽ 189 കുടുംബശ്രീ ഗ്രൂപ്പുകളിലൂടെ 370 പേർക്ക് 3.61 കോടി രൂപ വായ്പ നൽകി. ഉജ്ജീവന പദ്ധതി പ്രകാരം 2 കോടി രൂപ വായ്പ അനുവദിച്ചു.
കലക്ടറേറ്റിൽ ചേർന്ന യോഗം ജില്ലാകലക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജർ വേദ് പ്രകാശ് അറോറ, ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി. ജയരാജ്, നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ അശോക് കുമാർ നായർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ രാജഗോപാലൻ എന്നിവർ സംസാരിച്ചു.