panchalimedu
പാഞ്ചാലിമേട് ഡി.ടി.പി.സി.ഗേറ്റിനു സമീപം നാമജപം നടത്തി കുത്തിയിരുന്നു പ്രതിഷേധിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയും സംഘവും

പീരുമേട്: പഞ്ചാലിമേട്ടിൽ കുരിശ് സ്ഥാപിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി പാഞ്ചാലിമേട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധ സൂചകമായി നാമജപം നടത്തി. ദുഖഃവെള്ളിയാഴ്ച്ച സ്ഥാപിച്ച മരക്കുരിശുകൾ പള്ളി അധികൃതർ നീക്കം ചെയ്തെങ്കിലും നിലവിലുള്ള കോൺക്രീറ്റ് കുരിശുകൾ കൂടി മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി ശശികലയുടെ നേതൃത്വത്തിൽ രാവിലെ 10.30നാണ് പ്രതിഷേധക്കാർ പാഞ്ചാലിമേട്ടിലേക്കുള്ള പ്രവേശന കവാടമായ ഡി.ടി.പി.സി.ഗേറ്റിനടുത്തെത്തിയത്. സമീപമുള്ള ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശന കവാടം കടക്കാൻ ശ്രമിച്ച സംഘത്തെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കട്ടപ്പന ഡിവൈ.എസ്.പി.പി.ഷംസിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു.ക്ഷേത്ര ദർശനത്തിന് അഞ്ചുപേർക്കു വീതം മാത്രമേ പ്രവേശനം നൽകാനാകൂ എന്നു പൊലീസ് അറിയിച്ചു. ഇത് ഹിന്ദു ഐക്യ വേദി നേതാക്കൾ അംഗീകരിച്ചില്ല.തുടർന്ന് സംഘം രണ്ട് മണിക്കൂറോളം കവാടത്തിൽ കുത്തിയിരുന്ന് നാമജപം ചൊല്ലി പ്രതിഷേധിച്ചു.

ഉച്ചയ്ക്ക് ഒരുമണിയോടെ ജില്ലാ പൊലീസ് ചീഫ് കെ.ബി.വേണുഗോപാൽ എത്തി നേതാക്കളുമായി നടത്തിയ ചർച്ചയിൽ ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി നൽകിയെങ്കിലും അപ്പോഴേക്കും ക്ഷേത്ര നടയടച്ചിരുന്നു. തുടർന്ന് പത്ത് മിനിറ്റോളം ക്ഷേത്ര പരിസരത്ത് നാമജപം നടത്തിയ ശേഷമാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ പിൻവാങ്ങിയത്. ഇടുക്കി ആർ.ഡി.ഒ വിനോദ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. ആന്റണിഎന്നിവരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

കെ. പി. ശശികലയ്ക്കൊപ്പം ഹിന്ദു ഹൈക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ. വി ശിവൻ ,സെക്രട്ടറിമാരായ കെ. പ്രഭാകരൻ, ഇ .ജി. മനോജ്, വിനോദ് മാവേലിക്കര ,മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദുമോഹനൻ, സഹ സംഘടനാ സെക്രട്ടറി ശശികുമാർ ,ജില്ലാ പ്രസിഡന്റ് വി. എം ബാലൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.


സമരം പാഞ്ചാലിമേട്ടിൽ രണ്ടാംഘട്ടം

നിലക്കൽ മോഡൽ സമരം: കെ.പി.ശശികല

സർക്കാർ ഭൂമിയിൽ അനധികൃതമായി കുരിശ് സ്ഥാപിച്ചു ഭൂമി കൈയ്യേറാനുള്ള നീക്കം അനുവദിക്കില്ലന്ന് കെ. പി. ശശികല പറഞ്ഞു. ഇവിടെ ചില സ്വകാര്യ വ്യക്തികൾ സാമുദായിക ചിഹ്നങ്ങൾ ഉപയോഗിച്ചു ഭൂമി കൈയേറ്റമാണ് നടത്തുന്നത്. പൗരാണിക പ്രാധാന്യമുളള പാഞ്ചാലിക്കുളംസ്ഥിതി ചെയ്യുന്ന സ്ഥലം ചില മത നേതാക്കൾ വില്ലേജിൽ കരമടച്ചു കൈയ്യടക്കിയിരിക്കുന്നു .ഇത് അംഗീകരിക്കാനാവില്ല. പാഞ്ചാലിമേട്ടിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ നീക്കം ചെയ്യാൻ അധികാരികൾ തയാറാകണം. അല്ലാത്ത പക്ഷം നിലയ്ക്കൽ മോഡൽ സമരമായിരിക്കും രണ്ടാംഘട്ടമായി ഒരുക്കുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പിലാക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകണം. ഹൈന്ദവതയോടുളള പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിനു മുന്നിൽ മുട്ടു മടക്കില്ലന്നും ശശികല പറഞ്ഞു.