മറയൂർ: ദേവികുളം ബ്ലോക്കിലെ ശീതകാല പച്ചക്കറി കൃഷിയുടെയും സ്‌ട്രോബറി കൃഷിയുടെയും വ്യാപനത്തിന് വിവിധ പദ്ധതികളുമായി കൃഷി വകുപ്പ്. മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ചേംബറിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് പദ്ധതികൾക്ക് രൂപം നല്കിയത്.എസ്.രാജേന്ദ്രൻ എം.എൽ.എ, അനീഷ് വിജയൻ, എസ്.രാമരാജ്, ഗോവിന്ദ രാജ്, ഉന്നത ഉദ്യോഗസ്ഥൻമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാന്തല്ലൂർ, വട്ടവട, മറയൂർ പഞ്ചായത്തുകളിൽ കൃഷിമന്ത്രി സന്ദർശനം നടത്തി വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും. ജൂലായ് 18ന് രാവിലെ 10 ന് കാന്തല്ലൂർ പഞ്ചായത്തിൽ കോവിൽക്കടവിൽ നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ 69 ലക്ഷം രൂപയുടെ സബ്സിഡി തുക കർഷകർക്ക് വിതരണം ചെയ്യും. കാന്തല്ലൂർ പഞ്ചായത്തുകളിൽ 6 കോടി രൂപയുടെ ഫാം റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും വട്ടവട പഞ്ചായത്തിൽ 8.62 കോടി രൂപയുടെ ചെക്ക്ഡാമുകളുടെയും കുളങ്ങളുടെയും നിർമ്മാണ ഉദ്ഘാടനവും നിർവ്വഹിക്കും. തുടർന്ന് ശീതകാല പച്ചക്കറി മേഖലയിൽ രൂപികൃതമായ ക്ലസ്റ്ററുകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം കാന്തല്ലൂരിൽ നടക്കും. ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് സ്റ്റേറ്റ് ഹോർട്ടികൾച്ചർ എം.ഡി.ജസ്റ്റിൻ മോഹനെ മന്ത്രി ചുമതലപ്പെടുത്തി. ജൂൺ 21ന് അവലോകനയോഗവും നടക്കും.
100 ഹെക്ടർ സ്ഥലത്ത് സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കും
കാന്തല്ലൂർ, വട്ടവട, ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകളിൽ 100 ഹെക്ടർ സ്ഥലത്ത് സ്‌ട്രോബറി കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതികൾ വരുന്നു. നിലവിലുള്ള കർഷകരെ പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം പുതിയെ കർഷകരെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലാണ് പദ്ധതികൾക്ക് രൂപം നല്കിയിരിക്കുന്നത്