തൊടുപുഴ: സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണം മൂലം ജില്ലാ പഞ്ചായത്തിന് 50 കോടി നഷ്ടമായതായി ജില്ലാ പഞ്ചായത്ത് അംഗം ഇൻഫെന്റ് തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മഹാപ്രളയം മൂലം തകർന്ന ഹൈറേഞ്ച് മേഖലയുടെ പുനർനിർമാണത്തിന് മുൻഗണന നൽകി ജില്ലാ പഞ്ചായത്ത് തയാറാക്കി ഡിപിസി അംഗീകാരം നേടിയത് 600 പദ്ധതികൾക്കായിരുന്നു.എന്നാൽ മാർച്ചിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുക വഴി പണം മാറി നൽകാതെ 370 ഓളം ബില്ലുകൾ ക്യൂ ലിസ്റ്റിൽപ്പെടുത്തുകയും ഈ ബില്ലുകൾ വാർഷികപദ്ധതി വിഹിതത്തിൽ നിന്നും മാറി നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതുവഴിയാണ് ജില്ലാ പഞ്ചായത്തിന് 50 കോടി നഷ്ടമായത്.
പ്രളയം മൂലം 2018 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ജില്ലയിൽ വികസന പ്രവർത്തനങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല.പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുന്നോടിയായി 2018 ഡിസംബർ 31ന് മുൻപ് 2019-2020 വാര്‍ഷിക പദ്ധതി രൂപീകരിച്ച് ഡിപിസി അംഗീകാരം നേടണമെന്നുമുള്ള സർക്കാർതീരുമാനം നടപ്പിലാക്കുകയും ചെയ്തതിനാൽ പദ്ധതികളുടെ നടത്തിപ്പിന് മൂന്നു മാസം മാത്രമാണ് ലഭിച്ചത്. ഇതിനിടയിൽ നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും പ്രളയം മൂലം തകർന്ന റോഡുകളും പദ്ധതി നടത്തിപ്പ് പിന്നോട്ടടിക്കാൻകാരണമായി.ഫെബ്രുവരി മുതൽ സർക്കാർ ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണവും കരാർഏറ്റെടുത്തവർ പദ്ധതി നടത്തിപ്പ് സാവധനത്തിലാക്കാൻ ഇടയാക്കിയെന്നും ഇൻഫന്റ് തോമസ് പറഞ്ഞു.