kudil
തൊഴിലാളികൾ കുടിൽ കെട്ടുന്നു

രാജാക്കാട്: ചിന്നക്കനാലിൽ ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ സമരം നടത്തുന്ന തൊഴിലാളികൾ സർക്കാർ ഭൂമി കൈയ്യേറി കുടിലുകൾ നിർമ്മിച്ചു. വിലക്ക് ഭാഗത്ത് 301 കോളനിയ്ക്ക് സമീപം രണ്ടിടങ്ങളിലും സൂര്യനെല്ലി ടൗണിന് സമീപവുമാണ് സി.ഐ.ടി.യു നേതൃത്വം നൽകുന്ന യൂണിയൻ അംഗങ്ങളായ അഞ്ഞൂറോളം പേർ റവന്യൂ ഭൂമി കയ്യേറിയത്. മേയ് 15 നാണ് ചിന്നക്കനാൽ മേഖലയിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ വീടു വയ്ക്കാൻ ഭൂമി ആവശ്യപ്പെട് വില്ലേജ് ഓഫിസിനു മുൻപിൽ സമരം ആരംഭിച്ചത്. ഇന്നലെ രാവിലെ പതിവ് പോലെ ആരംഭിച്ച ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ സർക്കാർ ഭൂമി കയ്യേറുകയാണെന്ന് പ്രഖ്യാപിച്ചു. റവന്യൂ ഭൂമികൾ ലക്ഷ്യമാക്കി പ്രകടനമായി നീങ്ങിയ സംഘത്തെ പതിനൊന്നോടെ വിലക്കിന് സമീപം പൊലീസ് അറസ്റ്റ് ചെയ്ത് സമീപത്തെ ഗവ. സ്‌കൂളിലേയ്ക്ക് മാറ്റി. അവിടെനിന്നും സ്വന്തം ജാമ്യത്തിൽ ഇറങ്ങിയവർ കൂട്ടമായി വിലക്ക് ഭാഗത്ത് മോണ്ട് ഫോർട്ട് സ്‌കൂളിന് എതിർവശത്തും മുന്നൂറ്റിയൊന്ന് കോളനിയ്ക്ക് സമീപത്തും സൂര്യനെല്ലി ടൗണിന് സമീപത്തുമായി റവന്യൂ ഭൂമികളിൽ പ്രവേശിച്ച് കുടിലുകൾ നിർമ്മിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ തടയുന്നതിന് മുതിർന്നതുമില്ല. കാട് തെളിച്ച് പത്ത് സെന്റ് വീതം ഓരോ കുടുംബവും കൈവശപ്പെടുത്തുകയായിരുന്നു. ഇരുപതോളം കുടിലുകളാണ് നിർമ്മിച്ചിരിക്കുന്നത്. രാത്രിയും സ്ഥലത്ത് തുടരാനും കൂടുതൽ കുടിലുകൾ കെട്ടാനുമാണ് തൊഴിലാളികളുടെ തീരുമാനം. ഹാരിസൺ പ്ളാന്റേഷൻസ് വക ചിന്നക്കനാലിലെയും പന്നിയാറിലെയും ടാറ്റയുടെ പെരിയകനാലിലെയും തേയിലത്തോട്ടങ്ങളിലായി ആയിരത്തി മുന്നൂറോളം തൊഴിലാളി കുടുംബങ്ങൾ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരാണ്. സമരം ആരംഭിച്ച ഘട്ടത്തിൽത്തന്നെ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും അനുകൂല തീരുമാനം എടുക്കുമെന്നും ജില്ലാ ഭരണകൂടം ഉൾപ്പെടെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും അനുകൂലമായ നീക്കങ്ങളൊന്നും ഉണ്ടാകാതെ വന്നതിനെ തുടർന്നാണ് ഭൂമിയിൽ പ്രവേശിക്കുവാൻ തൊഴിലാളികൾ തീരുമാനിച്ചത്. രാഷ്ട്രീയത്തിനും, യൂണിയനുകൾക്കും അതീതമായി മുഴുവൻ തൊഴിലാളികളെയും സമരത്തിൽ ഒപ്പം നിർത്തുവാനാണ് സി.ഐ.ടിയുവിന്റെയും, സി.പി.എമ്മിന്റെയും തീരുമാനം. സി.പി.എം ജില്ലാ കമ്മറ്റി അംഗം ടി.ജെ ഷൈൻ, ശാന്തൻപാറ ഏരിയ കമ്മറ്റി സെക്രട്ടറി പി.എ സുനിൽകുമാർ, സമര സമിതി കൺവീനർ വി.എക്സ് ആൽബിൻ എന്നിവർ നേതൃത്വം നൽകി.