തൊടുപുഴ: വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വെങ്ങല്ലൂർ കോ- ഓപ്പറേറ്റീവ് ലാ കോളേജിലെ പ്രിൻസിപ്പലിനെയും അദ്ധ്യാപകനെയും നാല് മണിക്കൂറിലേറെ തടഞ്ഞുവച്ചു. എൽ.എൽ.ബി വിദ്യാർത്ഥിയും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ അശ്വിനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാരോപിച്ചാണ് ഇന്നലെ വൈകുന്നേരം മൂന്ന് മുതൽ 7.15 വരെ അദ്ധ്യാപകരെ ബന്ദികളാക്കിയത്. മാർച്ച് അവസാനം ഒരു അദ്ധ്യാപകനെ പുറത്താക്കിയതുമായി മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. കോളേജ് അവധിക്ക് തൊട്ടുമുമ്പ് മുൻകൂർ നോട്ടീസ് നൽകാതെ അദ്ധ്യാപകനെ പുറത്താക്കുകയായിരുന്നെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച ഏഴ് വിദ്യാർത്ഥികളെ അന്വേഷണവിധേയമായി കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുക്കാത്ത ചന്ദ്രകാന്ത് എന്ന വിദ്യാർത്ഥിയും ഇതിൽ ഉൾപ്പെട്ടതായാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. കോളേജിലെ സി.സി ടി.വി ദൃശ്യങ്ങളിലൊന്നും ചന്ദ്രകാന്ത് പ്രതിഷേധിക്കുന്നതായി കാണുന്നില്ലെന്ന് ഇവർ പറയുന്നു. സംഭവത്തിലുൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾ കുറച്ച് പേർ കോളേജ് മാറുകയും മറ്റ് ചിലർ മാപ്പെഴുതി നൽകുകയും ചെയ്തു. എന്നാൽ ചന്ദ്രകാന്തിന്റെ അഭിഭാഷകയായ അമ്മയെ കോളേജിൽ വിളിച്ചുവരുത്തി അന്വേഷണ കമ്മിഷൻ അദ്ധ്യക്ഷനായ അദ്ധ്യാപകൻ വളരെ മോശമായി പെരുമാറിയതായും തുടർന്ന് ഇവർ പ്രിൻസിപ്പലിന്റെ മുറിയിൽ ബോധം കെട്ടുവീണതായും വിദ്യാർത്ഥികൾ പറയുന്നു. ഇത് ചോദ്യം ചെയ്തതിനാണ് അശ്വിനെ പ്രിൻസിപ്പലും അദ്ധ്യാപകനും മാനസികമായി പീഡിപ്പിക്കുന്നതെന്നാണ് ആക്ഷേപം. മാനസികമായി തകർന്ന വിദ്യാർത്ഥിയെ കൗൺസിലിംഗിന് വിധേയനാക്കേണ്ടി വന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. തുടർന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കോളേജിലേക്ക് മാർച്ച് നടത്തുകയായിരുന്നു. കോളേജിലെ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിന് ശേഷം മൂന്ന് മണിയോടെ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും ബന്ദിയാക്കുകയായിരുന്നു. തുടർന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരതിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റി നിറുത്തി സംഭവം അന്വേഷിക്കാമെന്ന് കോളേജ് അധികൃതർ സമ്മതിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് ഡിവൈ.എസ്.പി ഓഫീസിൽ നടക്കുന്ന ചർച്ചയിൽ അന്വേഷണകമ്മിഷനെ തീരുമാനിക്കും.

ആരോപണം അടിസ്ഥാന

രഹിതം: പ്രിൻസിപ്പൽ

തൊടുപുഴ: ലാ കോളേജിന് പുറത്തുള്ളവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും ലാ കോളേജ് പ്രിൻസിപ്പൽ വി.എ. സെബാസ്റ്റ്യൻ പറഞ്ഞു. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിന്റെ പേരിൽ അഡ്മിഷൻ സമയമായ ഇപ്പോൾ പ്രശ്‌നങ്ങളുണ്ടാക്കുന്നത് കോളേജിനെ തകർക്കാനുള്ള ചില ശക്തികളുടെ ശ്രമമാണ്. ചന്ദ്രകാന്തെന്ന വിദ്യാർത്ഥിയുടെ അമ്മയോട് നല്ല രീതിയിലാണ് പെരുമാറിയത്. ഇതേ ചൊല്ലി അദ്ധ്യാപകനോട് അപമര്യാദയായി സംസാരിച്ച വിദ്യാർത്ഥിയായ അശ്വിൻ മാപ്പ് പറയാൻ തയ്യാറാകാതെ വന്നപ്പോൾ രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. മറിച്ചുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.