ചെറുതോണി: മയക്കുമരുന്ന് കടത്തിയ കേസിൽ മുരിക്കാശ്ശേരിയിൽ നാല് യുവാക്കൾ പിടിയിലായി. അൻപത് ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലുമായിട്ടാണ് നാലുപേരെ മുരിക്കാശേരി പൊലീസ് പിടികൂടിയത്. തോപ്രാംകുടി സ്‌കൂൾസിറ്റി മൈലക്കൽ പ്രജീഷ് ശശി, കാഞ്ഞിരപ്പള്ളി പറത്തോട് തെക്കേപീടികയിൽ റോഷൻ വർഗീസ്, കാഞ്ഞിരപ്പിള്ളി മുളങ്കുന്ന് ചുണ്ടയിൽ അക്ഷയ് അമ്പുജാക്ഷൻ, മുണ്ടക്കയം പുതുപ്പറമ്പിൽ നിജാഷ് അഷറഫ് എന്നിവരാണ് പിടിയിലായത്. പ്രജീഷിന്റ തോപ്രാംകുടിയിലെ വീട്ടിൽ കഞ്ചാവും ഹാഷിഷും ഉപയോഗിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.സ്‌കൂൾ കുട്ടികൾക്കടക്കം പ്രതികൾ കഞ്ചാവ് വിൽക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.ഇടുക്കി കേന്ദ്രികരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നവരുടെ കണ്ണികളാണ് ഇവരെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.