അടിമാലി: അടിമാലിക്കാരുടെ നോട്ടീസ് തങ്കച്ചൻ(50) വിട പറഞ്ഞു. മൂന്ന്പതിറ്റാണ്ടോളം അടിമാലി ടൗണിൽ പരസ്യ നോട്ടീസുകൾ വിതരണം ചെയ്യുന്നതിന് ഏക ആശ്രയമായിരുന്നു തങ്കച്ചൻ.. ടൗണിലെ മുക്കിലും, മൂലയിലും വരെ നോട്ടീസിന്റെ കുത്തക വിതരണക്കാരനായിരുന്നു തങ്കച്ചൻ. തന്നെ ഏല്പിക്കുന്ന ദൗത്യം പൂർണ ഉത്തരവാദിത്വത്തോടെ പരമാവധി കരങ്ങളിലെത്തിയ്ക്കാൻ തങ്കച്ചൻ ഊർജസ്വലനായിരുന്നു. നോട്ടീസ് വിതരണത്തിനിടെ പരിചയക്കാരെ കൈ പൊക്കി അഭിവാദ്യം ചെയ്തു കടന്നു പോകുന്ന തങ്കച്ചൻ അടിമാലിക്കാരുടെ മനസിൽ നിന്നു മാഞ്ഞു പോകില്ല. വാർദ്ധക്യസഹജമായ അനാരോഗ്യത്തെത്തുടർന്ന് ഏറെ നാളായി ചെങ്കുളം മേഴ്സി ഹോമിലായിരുന്നു. ഇരുന്നൂർ ഏക്കർപുത്തൻ വീട്ടിൽ,വർഗ്ഗീസ്,ശോശമ്മ ദമ്പതികളുടെമകനാണ്. അവിവാഹിതനാണ്. മേരിയാണ് സഹോദരി. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. അടിമാലി സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്‌കാരം നടത്തും.