തൊടുപുഴ: ഉപരിപഠനം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് വിദ്യാർത്ഥികളുടെ കൈകളിലെത്തിയില്ല. പ്ലസ്‌വൺ അഡ്മിഷന് മുമ്പ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്ന പതിവ് ഇക്കുറി തെറ്റി.

മേയ് ആറിന് എസ്.എസ്.എൽ.സി ഫലം വന്നെങ്കിലും ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാതെയായിരുന്നു ഇത്തവണ പ്ലസ്‌വൺ അഡ്മിഷൻ നടത്തിയത്. വിദ്യാർത്ഥികൾ പരീക്ഷാഭവന്റെ സൈറ്റുകളിൽ നിന്ന് എടുക്കുന്ന മാർക്ക് ലിസ്റ്റിന്റെ കോപ്പി ഉപയോഗിച്ചായിരുന്നു പ്രവേശനം. പ്ലസ് വണ്ണിന് ഓൺലൈനിൽ അപേക്ഷ നൽകുമ്പോൾ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ നൽകിയാൽ മുഴുവൻ വിവരങ്ങളും ലഭ്യമാകും. എന്നാൽ ടെക്‌നിക്കൽ സ്കൂൾ,​ ഐ.എച്ച്.ആർ.ഡി,​ സി.ബി.എസ്.ഇ വിഭാഗങ്ങളിലുള്ളവർ പേര് മുതൽ എല്ലാ വിവരങ്ങളും ഓൺലൈനിൽ ടൈപ്പ് ചെയ്ത് നൽകണം. വിദ്യാർത്ഥികൾ വിവരങ്ങൾ തെറ്റായി നൽകിയതിനാൽ അപേക്ഷ നിരസിച്ച സംഭവങ്ങളും ഉണ്ടായി.

ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ പട്ടികജാതി/ വർഗ, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള ലംപ്‌സം ഗ്രാന്റിന്റെയും പ്രതിമാസ സ്റ്റൈപ്പെൻഡിന്റെയും വിതരണവും ആരംഭിക്കാനാവില്ല. ക്ലാസ് തുടങ്ങി മൂന്ന് മാസത്തിനകം അപേക്ഷ നൽകണമെന്നാണ് നിബന്ധന.

 സേ പരീക്ഷാഫലവും ഉൾപ്പെടുത്തും

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ 24 മുതൽ പരീക്ഷാഭവനിൽ നിന്ന് വിതരണം ചെയ്യുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറ‌ഞ്ഞു. കഴിഞ്ഞ വർഷം സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മാഞ്ഞ് പോകുന്നെന്ന ആക്ഷേപത്തെത്തുടർന്ന് തിരികെ വാങ്ങേണ്ടി വന്നിരുന്നു. ഇത്തവണ അത്തരം പിഴവുകൾ വരാതെ കുറ്റമറ്റ രീതിയിലാണ് സർട്ടിഫിക്കറ്റ് ഇറക്കുന്നത്. റിവാല്യുവേഷന്റെയും സേയുടെയും ഫലം കൂടി ഉൾപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് നൽകുന്നത്. ഇതാണ് വൈകാനിടയാക്കിയത്.