തൊടുപുഴ: പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും പ്രതിരോധിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാതെ ആരോഗ്യവകുപ്പ് തളരുന്നു. ഇടുക്കി മെഡിക്കൽ കോളേജടക്കം ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നും വേണ്ടത്ര ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ഏഴ് ഒഴിവുകളാണ് നികത്താനുള്ളത്.

ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെ 15 തസ്തികകളാണ് നികത്താനുള്ളത്. 13 നഴ്സുമാരുടെ ഒഴിവുകളാണുള്ളത്. പബ്ലിക് ഹെൽത്ത് നഴ്‌സിന്റെ രണ്ട് തസ്തികകളിൽ രണ്ടും ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലെ ജില്ലാ ലാബ് ടെക്‌നീഷ്യൻ മേയ് മാസം വിരമിച്ചതോടെ ഈ തസ്തികയിലും ആളില്ല. മഴക്കാലത്തിന് മുന്നോടിയായുള്ള ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മാസ് മീഡിയ ഓഫീസർ ജില്ലയിൽ ഇല്ല. ജില്ലാ തലത്തിൽ ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത് മാസ് മീഡിയ ഓഫീസറാണ്. ശിശുപീഡനങ്ങൾ ഇടുക്കിയിൽ തുടർക്കഥയായിട്ടും ​ഇവിടെ ഒരു ചൈൽഡ് ഹെൽത്ത് ഓഫീസറില്ല. നിപ വൈറസടക്കം ഭീതി പരത്തിയ ജില്ലയുടെ അവസ്ഥയാണിത്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് താഴെ തട്ടിൽ അയൽക്കൂട്ടങ്ങൾ മുതൽ ജില്ലാ തലത്തിൽ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ആവശ്യമായ ബോധവത്കരണ ക്ലാസുകൾ,​ യോഗങ്ങൾ എന്നിവയൊക്കെ നടത്തേണ്ട ജില്ലാ തല ഉദ്യോഗസ്ഥരുടെ ഒഴിവുകളാണ് ഇപ്രകാരം നികത്താതെ കിടക്കുന്നത്. ഇതു മൂലം രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ ഏകോപിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്.

''പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചില ജീവനക്കാർക്ക് പ്രമോഷൻ കിട്ടി പോകുമ്പോൾ ഒഴിവുവരുന്ന തസ്തികകൾ നികത്തുന്നില്ല. ഒഴിവു വരുന്ന തസ്തികകളിൽ ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്."

- ഡി.എം.ഒ എൻ. പ്രിയ (ഇടുക്കി ഡി.എം.ഒ)​