രാജാക്കാട് : കൊല്ലത്ത് നടന്ന സംസ്ഥാന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണവും മൂന്ന് വെങ്കലവും നേടി എൻ.ആർ സിറ്റി എസ്.എൻ.വി സ്‌കൂൾ തിളക്കമാർന്ന നേട്ടം കൈവരിച്ചു. ആശ്രമം സ്റ്റേഡിയത്തിൽ നടന്ന മൽസരങ്ങളിൽ സബ് ജൂനിയർ 37 കിലോഗ്രാം വിഭാഗത്തിൽ ജിസ്ബിൻ ജിസ്സിൻ ജിജോ, ജൂനിയർ 60 കിലോഗ്രാമിൽ ദിനിൽ കെ. ദേവൻ, 63 കിലോഗ്രാമിൽ ജോജോ ജോസ് എന്നിവരാണ് സ്വർണ്ണമണിഞ്ഞത്. സബ്ജൂനിയർ 35 കിലോഗ്രാമിൽ ബേസിൽ എം. ബേബി, അതുൽ അനു, ജൂനിയർ 48 കിലോഗ്രാം വിഭാഗത്തിൽ അശ്വിൻ സന്തോഷ് എന്നിവർ ബ്രോൺസും നേടി. കോച്ച് ജിബിൻ റാഫേലിന്റെ ശിക്ഷണത്തിലാണ് മികവാർന്ന വിജയം കൈവരിച്ചിരിക്കുന്നത്. മെഡൽ ജേതാക്കൾ ദേശീയ മൽസരങ്ങളിലേയ്ക്ക് യോഗ്യത നേടി. വിജയികളെ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.