രാജാക്കാട്: നെടുങ്കണ്ടം ക്ഷീരവികസന ഓഫീസ് വിഭജിച്ച് രാജകുമാരി കേന്ദ്രമാക്കി ഓഫീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ക്ഷീരകർഷക സംഘം പ്രതിനിധികളും രംഗത്ത്. നെടുങ്കണ്ടത്തിന് കീഴിലുള്ള 38 ക്ഷീരസംഘങ്ങളിലെ 13 ഉം ദേവികുളം ഓഫീസിന് കീഴിൽ വരുന്ന ശാന്തമ്പാറ, പള്ളിക്കുന്ന് സംഘങ്ങളും ഉൾപ്പെടെ 15 സംഘങ്ങളാണ് പ്രദേശത്തുള്ളത്. ഇവ രാജകുമാരി ഓഫീസ് പരിധിയിൽ ആക്കണമെന്നാണ് ആവശ്യം. രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തമ്പാറ പഞ്ചായത്ത് കമ്മിറ്റികൾ ഇതിനുള്ള തീരുമാനം പാസാക്കി ബന്ധപ്പെട്ടവർക്ക് നൽകി. നെടുങ്കണ്ടം ഓഫീസിലേക്ക് 40 കിലോമീറ്റർ ദൂരമുണ്ട്. രാജകുമാരിയിൽ ഓഫീസ് അനുവദിച്ചാൽ പരമാവധി 10 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും. 15 ക്ഷീരസംഘങ്ങളിൽ നിന്നും ശരാശരി 15,000 ലിറ്റർ പാൽ പ്രതിദിനം ശേഖരിക്കുന്നുണ്ട്. വർഗീസ് ആറ്റുപുറം (ചെയർമാൻ), എൽദോസ് നുനൂറ്റിൽ (കൺവീനർ), പി.പി. ബേബി (ട്രഷറർ), 15 ക്ഷീര സംഘങ്ങളുടെ പ്രസിഡന്റുമാർ കമ്മറ്റി അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു. എം.എൻ ഹരിക്കുട്ടൻ, കെ.വി കുര്യാച്ചൻ, കെ.കെ. തങ്കച്ചൻ, ക്ഷീരസംഘം പ്രസിഡന്റുമാരായ ജോസ് മാങ്ങാത്തൊട്ടി, ബെന്നി കുമ്പപ്പാറ, ഷാജി ശാന്തമ്പാറ, പി.പി. എൽദോസ് സേനാപതി, ഷാജി പഴയവിടുതി, വർഗീസ് പള്ളിക്കുന്ന് എന്നിവർ യോഗത്തിൽ പങ്കെടുത്തു.