രാജാക്കാട്: ഓമ്നി വാനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹാഷീഷ് ഓയിലുമായി ലഹരി മാഫിയ സംഘത്തിലെ കണ്ണി പൊലീസിന്റെ പിടിയിലായി. കുത്തുങ്കൽ കൊച്ചുവീട്ടിൽ ബിജു(46) ആണ് സി.ഐ എച്ച്.എൽ ഹണിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഒരുകിലോ മുപ്പത്തിയഞ്ച് ഗ്രാം ഹാഷീഷ് ഓയിൽ പിടിച്ചെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു. ജില്ലയിലേയ്ക്ക് കഞ്ചാവും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടന്നുവരുന്നത് തടയുന്നതിനായി പ്രദേശത്ത് പൊലീസ് പരിശോധന കർക്കശമാക്കിയിരുന്നു. മൂന്നാർ ഡിവൈ.എസ്.പി രമേഷ്‌കുമാറിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച രാത്രി പഴയവിടുതി ഭാഗത്ത് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ എത്തിയ ഓമ്നി വാൻ പരിശോധിക്കവെ സീറ്റിനടിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഹാഷി ഓയിൽ കണ്ടെടുക്കുകയായിരുന്നു. ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ ഇയാൾ മുൻപ് 84 കിലോഗ്രാം കഞ്ചാവുമായി ഒറീസയിൽ പിടിയിലായിരുന്നു. ഈ കേസിൽ പത്ത് വർഷത്തേയ്ക്ക് കോടതി ശിക്ഷിച്ചിരിക്കുകയാണ്. അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഒറീസയിൽ നിന്നടക്കം കഞ്ചാവും ഹാഷിഷ് ഓയിലും ജില്ലയിലേയ്ക്ക് കടത്തുകയും സംസ്ഥാനത്തിന്റെ പല മേഖലയിലും എത്തിച്ച് നൽകുകയും ചെയ്യുന്നതായി പൊലീസ് പറഞ്ഞു. നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു . പിടിച്ചെടുത്ത ഓയിലിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ പി.ഡി അനൂപ്‌മോൻ, എ.എസ്.ഐ മാരായ സി.വി ഉലഹന്നാൻ, സജി എൻ. പോൾ, ആർ. രമേശൻ, ഓമനക്കുട്ടൻ, അനീഷ്, ജോഷി, മഹേഷ്, ജിനോ, ബിനു, എബ്രഹാം എന്നിവരും പരിശോധനകളിൽ പങ്കെടുത്തു.