തൊടുപുഴ: വെങ്ങല്ലൂർ ലാ കോളേജിൽ പ്രിൻസിപ്പലും അദ്ധ്യാപകനും ചേർന്ന് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്നലെ തൊടുപുഴ ഡിവൈ.എസ്.പിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായില്ല. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റി നിറുത്തി അന്വേഷണം നടത്താമെന്നും പകരം അശ്വിൻരാഗ് പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നുമുള്ള കോളേജ് മാനേജ്മെന്റിന്റെ ആവശ്യം എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. എങ്കിൽ മാത്രമേ അദ്ധ്യാപകനെ മാറ്റി നിറുത്തി പൊതുസമ്മതനായ ഏകാംഗകമ്മിഷനെ വച്ച് അന്വേഷണം നടത്താനാകൂവെന്ന് മാനേജ്മെന്റ് നിലപാടെടുത്തതോടെ വിദ്യാർത്ഥികൾ ഇറങ്ങി പോവുകയായിരുന്നു. അതേസമയം പൊലീസ് കേസ് പിൻവലിച്ചില്ലെങ്കിലും കോളേജിൽ നിന്ന് അദ്ധ്യാപകനെ മാറ്റി നിറുത്തി അന്വേഷണം നടത്തുമെന്ന് പ്രിൻസിപ്പൽ വി.എ. സെബാസ്റ്റ്യൻ പിന്നീട് പറഞ്ഞു. സംഭവത്തിൽ 26ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ നേരിട്ട് കണ്ട് പരാതി നൽകുമെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. ബാർ അസോസിയേഷനും പരാതി നൽകും. ഇന്നലെ ഉച്ചയോടെ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കോളേജ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് മാനേജർ പി.ജെ. ജോർജ്, പ്രിൻസിപ്പൽ വി.എ. സെബാസ്റ്റ്യൻ എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടിജു തങ്കച്ചന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും പങ്കെടുത്തു.