തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷൻ പലപ്പോഴും മുടങ്ങുന്നതാണ് ആശുപത്രിയിലുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നത്. രോഗികൾക്ക് ധാര, കിഴി എന്നിവയ്ക്ക് ശേഷം കുളിക്കാനും വസ്ത്രം അലക്കാനും ആവശ്യമുള്ള വെള്ളം കിട്ടുന്നില്ല. മഴ പെയ്യുമ്പോൾ ലഭിക്കുന്ന വെള്ളം പാത്രത്തിൽ ശേഖരിച്ചാണ് പലപ്പോഴും ഉപയോഗിക്കുന്നതെന്ന് രോഗികൾ പറയുന്നു. നിലവിലുള്ള ടാങ്കിന് വലിപ്പമില്ലാത്തതിനാൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാനാകുന്നില്ല. 5,000 ലിറ്റർ ശേഷിയുള്ള നാല് ടാങ്കുകൾ സ്ഥലത്തെത്തിച്ചുണ്ടെങ്കിലും ഇതുവരെ കണക്ട് ചെയ്തിട്ടില്ല. ഇത് ശരിയാക്കിയാൽ വാട്ടർഅതോറിട്ടിയുടെ ജലവിതരണം രണ്ട് ദിവസം മുടങ്ങിയാലും ആശുപത്രിയിലെ വെള്ളം തീരില്ല. ആശുപത്രി പരിസരത്ത് പഴയ കിണർ ഉണ്ടെങ്കിലും ഇതിന് മുകളിലേക്ക് മാസങ്ങൾക്ക് മുമ്പ് വീണ മരം ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇത് വെട്ടി മാറ്റി കിണർ ശുചീകരിച്ചാലും ഒരു പരിധിവരെ വെള്ളപ്രശ്നത്തിന് പരിഹാരമാകുമെന്ന് രോഗികൾ പറയുന്നു.
''ആശുപത്രിയിൽ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ജലക്ഷാമം അനുഭവപ്പെട്ടാൽ ടാങ്കറിൽ വെള്ളം എത്തിച്ച് നൽകാറുണ്ട്. കൂടുതൽ വെള്ളം കരുതലായി സൂക്ഷിക്കാൻ 5,000 ലിറ്റർ ശേഷിയുള്ള നാലു വാട്ടർ ടാങ്കുകൾ ആശുപത്രി പരിസരത്ത് സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്."
- ഡോ. ലാലി ജോൺ (ആയുർവേദ ആശുപത്രി സൂപ്രണ്ട്)