ഇടുക്കി: ഡീൻ കുര്യാക്കോസ് എം.പി ആദ്യമായി ലോക്സഭയിൽ ശബ്ദമുയർത്തിയത് കർഷകർക്ക് വേണ്ടി. പ്രളയത്തെ നേരിട്ട ഇടുക്കിയിലെ കർഷകർക്ക് കടാശ്വാസത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയത്തിനു റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാണ് ഡീൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടത്. ഇന്നലെ ശൂന്യവേളയിലാണ് ഡീൻ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേരളത്തിൽ കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ഇരുപതോളം കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ ഇടുക്കിയിലെ ഒമ്പതു കർഷകർ ജപ്തി നടപടികളെ ഭയന്നാണ് ജീവനൊടുക്കിയത്. 2014ന് ശേഷം കേന്ദ്ര സർക്കാർ, കോർപ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതി തള്ളിയപ്പോൾ രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ കടങ്ങളോട് പുറംതിരിഞ്ഞു നിൽക്കരുത്. കൂടാതെ കേരളത്തിലെ എം.പിമാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കത്ത് നൽകി. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹന്നാൻ, കെ. മുരളീധരൻ, അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, ശശി തരൂർ, രാജ്‌മോഹൻ ഉണ്ണിത്താൻ, രമ്യഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും കത്തിൽ ഒപ്പിട്ടിരുന്നു.