തൊടുപുഴ: കാലവർഷം കനത്തതോടെ തൊടുപുഴ നഗരത്തിലാകെ കൊതുക് ശല്യം രൂക്ഷമായി. നഗരസഭാപ്രദേശത്തെ കോതായിക്കുന്ന്, മങ്ങാട്ട് കവല, കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ്, നഗരത്തിലെ വിവിധ മേഖലകളിലെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, നഗരസഭ പാർക്ക് എന്നിങ്ങനെ ജനങ്ങൾ കൂടുതലായി വന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം കൊതുക് ശല്യം രൂക്ഷമാണ്.

കൊതുകിൽ നിന്ന് രക്ഷനേടാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് നഗരവാസികളും വ്യാപാരികളും ഓട്ടോ- ടാക്സി തൊഴിലാളികളും.

നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഓടകളിലും ചതിപ്പുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകൾ മാരകരോഗം പരത്തിക്കൊണ്ട് പറന്നുനടക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ടു പേർ ഡെങ്കി പനിയുടെ ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ രക്ത സാന്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. രോഗം പരത്തുന്ന കൊതുകുകളെ തുരത്താൻ നഗരസഭയ്ക്കും ആരോഗ്യ വകുപ്പിനും പ്രത്യേകം ഫണ്ട് ഉണ്ടെങ്കിലും ഇതൊന്നും യഥാസമയം കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രോഗം വ്യാപകമായി കഴിയുമ്പോഴാണ് പലപ്പോഴും ഉറവിടം അന്വേഷിച്ച് അധികൃതർ എത്തുന്നത്.

മഴക്കാലം ആരംഭിച്ചതോടെ നഗരസഭ പ്രദേശം പോലെ സമീപ പഞ്ചായത്ത് പ്രദേശങ്ങളും കൊതുകിന്റെ പിടിയിലാണ്. റബ്ബർ തോട്ടങ്ങളിലെ ചിരട്ടകളിലും ഓടകളിലും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നാണ് ഇവിടേയും കൊതുക് വ്യാപിക്കുന്നത്.പഞ്ചായത്ത് പ്രദേശങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ സാനിട്ടേഷൻ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളിലും ഇവയുടെ പ്രവർത്തനങ്ങൾ നിർജ്ജീവമാണ്.

മരുന്ന് സ്‌പ്രേയും

ഫോഗിംഗും

അതേസമയം, നഗരത്തിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിലെയും അഴുക്കു ചാലുകളിലെയും കൊതുകുകളുടെ ലാർവ നശിപ്പിക്കുന്നതിന് മരുന്ന് തളിക്കുന്നതിനാവശ്യമായ നടപടികളായിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറയുന്നത്. ഇപ്പോൾ ഡെങ്കി പനിയുടെ ലക്ഷണം കണ്ടെത്തിയിട്ടുള്ള ആളുകളുടെ വീടുകളിലും പരിസരങ്ങളിലും മരുന്ന് സ്‌പ്രേ ചെയ്യുന്നുണ്ട്. കൂടാതെ നഗരസഭയിലെ വാർഡ് സാനിട്ടേഷൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം ആവശ്യമുള്ള സ്ഥലങ്ങളിൽ ഫോഗിംഗ് നടത്തി കൊതുകുകളെ നശിപ്പിക്കും. ഇപ്പോൾ വൈകിട്ട് മഴ പെയ്യുന്നതിനാൽ രാവിലെയായിരിക്കും ഫോഗിംഗ് നടത്തുന്നുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ഫോഗിംഗ് നടത്തുന്നതിന് 3500 രൂപയോളം ചെലവാകും. ഇത് വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴിൽ തൊടുപുഴയിൽ 11 ഫോഗിംഗ് മെഷീനുകളും എട്ട് സ്‌പ്രേയിംഗ് മെഷിനുകളുമാണുള്ളത്. കൊതുകുകളുടെ കനത്ത സാന്നിധ്യവും പകർച്ചവ്യാധികളും ആരോഗ്യ പ്രവർത്തകർ കണ്ടെത്തുന്ന പ്രദേശങ്ങളിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തും.