പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക്

മൂന്ന് മാസംകൊണ്ട് പ്രയോജനമായത് ആയിരങ്ങൾക്ക്

മുഖ്യ സംഘാടകർ റോട്ടറി ക്ളബ്

തൊടുപുഴ:നഗരത്തിൽ ആരംഭിച്ച 'വിശപ്പ് രഹിത നഗരം പദ്ധതി' മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ പ്രതീക്ഷയിലേറെ വിജയത്തിളക്കം. പണമില്ല എന്ന കാരണത്താൽ നഗരത്തിൽ ആരും വിശന്ന് വലയരുതെന്ന മിനിമം ആഗ്രഹമാണ് തൊടുപുഴ റോട്ടറി ക്ലബ്ബിനെ പുതിയ പദ്ധതിക്ക് പ്രേരിപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ പരർണ്ണ പിൻതുണ. ലഭിച്ചപ്പോൾ പദ്ധതി ഏറെ മുന്നേറുകയായിരുന്നു.പൊലീസ് വകുപ്പും നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഹോട്ടൽ ഉടമകളും സഹകരിച്ച് കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ആരംഭിച്ചത്.പൊലീസ് സ്റ്റേഷന് സമീപത്തുള്ള പ്രതിഭ,കോതായിക്കുന്ന് ബസ്റ്റാൻഡിലുള്ള മൈമൂൺ,മങ്ങാട്ട് കവലയിലുള്ള മുഗൾ എന്നീ മൂന്ന് ഹോട്ടലുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.തൊടുപുഴ പൊലീസ് സ്റ്റേഷൻ,മങ്ങാട്ട് കവല-കോതായിക്കുന്ന് ബസ്റ്റാന്റുകളിലുളള പൊലീസ് ഔട്ട് പോസ്റ്റ്‌ ഇവിടങ്ങളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ പദ്ധതിയോട് സഹകരിക്കുന്ന ഹോട്ടലുകളിൽ നൽകിയാൽ ഇവിടെ നിന്നും ഉച്ചഭക്ഷണം സൗജന്യമായി ലഭിക്കും.ഉച്ചക്ക് 12 മുതൽ 2 വരെയാണ് കൂപ്പൺ പ്രകാരം ഊണ് ലഭിക്കുന്നത്.യഥാർത്ഥ വിലയിൽ നിന്നും കുറച്ച് മുപ്പത് രൂപയാണ് പദ്ധതിയോട് സഹകരിക്കുന്ന ഹോട്ടൽ ഉടമകൾ ഈടാക്കുന്നത്.ഇതിന്റെ ഫണ്ട് മുഴുവനായും തൊടുപുഴ റോട്ടറി ക്ലബ്ബാണ് വഹിക്കുന്നത്. ഒരു ദിവസം ശരാശരി ഇരുപതിൽപ്പരം ആളുകൾ ഓരോ ഹോട്ടലിലും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തുന്നുണ്ട്.ഈ പദ്ധതി അന്ന പൂർണ്ണം എന്ന പേരിലാണ് തൊടുപുഴയിൽ നടപ്പിലാക്കുന്നത്.

പദ്ധതി മറ്റ് സ്ഥലങ്ങളിലേക്കും

വ്യാപിപ്പിക്കും

തൊടുപുഴ റോട്ടറി ക്ലബ്ബിലുള്ള എൺപതോളം അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കുന്നത്.ജില്ലയുടെ മറ്റ് സ്ഥലങ്ങളിലുള്ള റോട്ടറി ക്ളബ്ബുകളുമായി സഹകരിച്ച് ജില്ലയിലാകമാനം പദ്ധതി നടപ്പിലാക്കാനാണ് റോട്ടറി ക്ലബ്ബിന്റെ തീരുമാനം എന്ന് റോട്ടറി ക്ളബ്ബിന്റെ ഭാരവാഹകൾ -കേരള കൗമുദി -യോട് പറഞ്ഞു.കട്ടപ്പനയിൽ ഏഴാം തിയതി പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ കോർഡിനേറ്ററായ കളക്ടർ നിർവ്വഹിക്കും.തേക്കടിയിലും അടിമാലിയിലും മറ്റ് സ്ഥലങ്ങളിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റോട്ടറി ക്ളബ്ബ് ഭാരവാഹികൾ കളക്ടറുമായി വിവിധ തലങ്ങളിൽ ചർച്ച നടത്തി വരുകയാണ്.

"ഏറ്റവും മാനുഷിക മുഖമുളള പദ്ധതിയാണിത്.നഗരത്തിലുളളവർ വിവിധ സ്ഥലങ്ങളിൽ നിന്നും പല ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർ ഇവർ ആരും തന്നെ സാമ്പത്തിക പരിമിതിയിൽ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വിഷമിക്കരുത്.ഒരു നേരത്തെയെങ്കിലും ഭക്ഷണം നൽകുന്ന പദ്ധതി മാതൃകാപരമാണ്,ഇത് തടസ്സം ഇല്ലാതെ എന്നും തുടരണം,എന്റെ എല്ലാവിധ സഹകരണവും ഉണ്ടാകും​". രമേശ് എൻ,​മാനേജർ,​പ്രതിഭ ഹോട്ടൽ..