തൊടുപുഴ: നഗരസഭ പരിധിയിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ കണ്ടെത്താൻ നഗരസഭ കൗൺസിൽ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രണ്ട് വർഷംമുമ്പ് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെങ്കിലും തുടർ നടപടികളുണ്ടാകാത്ത കാര്യം കൗൺസിലിൽ ചർച്ചയ്ക്കെടുത്തപ്പോഴാണ് പഴയതും പുതിയതുമായ എല്ലാ നിർമാണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ കൗൺസിൽ നിർദേശം നൽകിയത്. 2017 ഡിസംബർ 21ന് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാൻ റവന്യൂ സെക്ഷനിലെ ആർ.ഐമാർ, ആരോഗ്യ വിഭാഗത്തിൽ നിന്ന് രണ്ട് എച്ച്.ഐമാർ, രണ്ട് ജി.എച്ച്.ഐമാർ, എൻജിനീയറിംഗ് വിഭാഗത്തിൽ നിന്ന് അസി. എൻജിനീയർ, രണ്ട് ഓവർസിയർമാർ എന്നിവരെ ഉൾപ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. പ്രഥമ പരിഗണനയായി ഏഴ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ടാക്‌സ് ഫോഴ്‌സിനെ ചുമതലപ്പെടുത്തി. ബാക്കിയുള്ള അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനും ഇതിലേക്ക് ഒരു ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചെങ്കിലും ഒന്നും നടപ്പായില്ല. യോഗം ചേർന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് പല തവണ നോട്ടീസ് നൽകിയെങ്കിലും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. ഇതാണ് ടാസ്ക്ഫോഴ്സിന്റെ പ്രവർത്തനം ഫലപ്രദമാകാതിരുന്നത്. 2017ൽ കണ്ടെത്തിയിരിക്കുന്ന കെട്ടിടങ്ങൾ മാത്രമല്ല നഗരത്തിലെ എല്ലാ വൻകിടഅനധികൃത നിർമാണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൗൺസിലർ ഷിംനാസ് ആവശ്യപ്പെട്ടു. നഗരത്തിലെ എല്ലാ അനധികൃത നിർമാണങ്ങളെക്കുറിച്ചും പരിശോധിച്ച് റിപോർട്ട് നൽകാൻ ചെയർപേഴ്‌സൺ ജെസി ആന്റണി ആവശ്യപ്പെട്ടു.
കീറാമുട്ടിയായി മാലിന്യപ്രശ്നം
നഗരത്തിലെ അതി രൂക്ഷമായ മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന നിർദേശവും കൗൺസിലിൽ ഉയർന്നു. പ്രതി ദിനം അഞ്ച് ടണ്ണിൽ കൂടുതൽ മാലിന്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരണം, സംസ്‌കരണം എന്നിവയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതി വാേങ്ങണം. തൊടുപുഴയിൽ 26 ടൺ ആണ് ഒരു ദിനം ഉത്പാദിപ്പിക്കുന്നത്. ഈ വിഷയത്തിൽ നഗരസഭാ സെക്രട്ടറിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്കെടുത്തത്. വിഷയത്തിൽ നഗരസഭ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കൗൺസിലർ ആർ.ഹരി ആവശ്യപ്പെട്ടു. ഹരിത കർമ സേനയുടെ സഹായത്തോടെ പ്ലാസ്റ്റിക് ശേഖരിച്ചത് പലതും എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യവുമുണ്ടെന്ന് കൗൺസിലർമാർ പറഞ്ഞു. ഓരോ വീടുകളിലെയും മാലിന്യം എവിടെ സംസ്‌കരിക്കുന്നുവെന്ന് പരിശോധിക്കണമെന്ന നിർദേശവും ഉയർന്നു. സാനിട്ടറി നാപ്കിനുകൾ എങ്ങനെ സംസ്കരിക്കുമെന്ന കാര്യത്തിൽ പെൺകുട്ടികൾക്ക് ആശങ്കയുണ്ടെന്ന് കൗൺസിലർമാർ അറിയിച്ചു. എല്ലാ വീടുകളും കേന്ദ്രീകരിച്ചുള്ള മാലിന്യ സംസ്‌കരണ പരിപാടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് നഗരസഭ ചെയർപേഴ്‌സൺ ജെസി ആന്റണി മറുപടി നൽകി.
തൊടുപുഴ നഗരസഭയിലെ ജനസംഖ്യ- 52045 (2011 സെൻസസ്)
പ്രതിദിനം ഉത്പാദിപ്പിക്കുന്ന മാലിന്യം- 26.022 ടൺ