പ്രകൃതിയോട് ഇണങ്ങിയ രീതിയിലുള്ള പദ്ധതി
പ്രാഥമിക ചെലവ് 5 കോടി
കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾ നവീകരിച്ച് താമസ കേന്ദ്രങ്ങളാക്കി മാറ്റും
ജലാശയത്തിൽ ബോട്ടിംഗ്
അഡ്വഞ്ചർ പാർക്ക്, പൂന്തോട്ടം എന്നിവ ഒരുക്കും
രാജാക്കാട്: ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വേകി പൊന്മുടി വിനോദ സഞ്ചാര പദ്ധതിയ്ക്ക് ചിറക് മുളയ്ക്കുന്നു. കെ.എസ്.ഇ.ബി യുടെ ഹൈഡൽ ടൂറിസം വിഭാഗവുമായി ചേർന്ന് രാജാക്കാട് സർവ്വീസ് സഹകരണ ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്. അണക്കെട്ടിനോട് ചേർന്നുള്ള വനമേഖലയുടെ തിനമ നഷ്ടപ്പെടാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ അമ്യൂസ്‌മെന്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, പൂന്തോട്ടം, ആയൂർവ്വേദ സ്പാ, ഔഷധ സസ്യ ഉദ്യാനം, ജലാശയത്തിൽ ബോട്ടിംഗ്, സഞ്ചാരികൾക്ക് വേണ്ട മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊരുക്കും. കാട്കയറിക്കിടക്കുന്ന കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾ നവീകരിച്ച് സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കും. ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നവീകരിക്കൽ, കാടുവെട്ടി തെളിക്കൽ എന്നിവ അടക്കമുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വി.എ കുഞ്ഞുമോൻ പ്രസിഡന്റായുള്ള ബാങ്ക് ഭരണസമതി. അഞ്ച് കോടിയാണ് പ്രാഥമിക ചെലവ് കണക്കാക്കുന്നത്.