കുമളി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഒറീസ്സ സ്വദേശിയായ ആകാശ് (26), ജാർക്കണ്ഡ് സ്വദേശിനി തലോ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ന് പെരിയാർ കടുവാ സങ്കേതത്തിനു സമീപത്തെ മുല്ലയാർ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ ജോലി നോക്കുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെ കാട്ടുപോത്ത് ആക്രമണം നടത്തുകയായിരുന്നു.ഏലക്കാട്ടിൽനിന്നും പാഞ്ഞെത്തിയ കാട്ടുപോത്ത് ഇരുവരെയും കുത്തിവീ്ത്തിയശേഷം കാട്ടിലേക്ക് തിരികെ പോയി. കാട്ടുപോത്തിന്റെ കൊമ്പു കൊണ്ട് കാലിന്റെ തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആകാശിനെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റർ ഇ .വി പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.എൻ അനിൽകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.