മറയൂർ: ഹോട്ടികോർപ്പ് കർഷകർക്ക്ന്ത നൽകാനുള്ള കുടിശിക ഈ മാസംതന്നെ കൊടുത്ത് തീർക്കാൻ തീരുമാനമായി. ഹോർട്ടികോർപ്പിനു വേണ്ടി കാന്തല്ലൂരിൽ നിന്നും പച്ചക്കറി സംഭരിക്കുന്ന വി.എഫ്.പി.സി.കെ ലേല വിപണിക്ക് 11.5 ലക്ഷവും ശീതകാല പച്ചക്കറി ഉല്പാദന വിപണന സംഘത്തിന് 6.30 ലക്ഷം രൂപയും നല്കാണ്ട്. ആറുമാസത്തിലധികമായി ഈ കുടിശിഖ ലഭിക്കാതെ കർഷകർ ദുരിതമനുഭവിച്ചു വരികയായിരുന്നു. കുടിശ്ശിഖ ജൂൺ 30 ന് മുൻപ് കൊടുത്തു തീർക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഹോർട്ടികോർപ്പ് എം.ഡി.ജെ.സജീവ് കർഷകരുടെ യോഗത്തിൽ അറിയിച്ചു. മുരിങ്ങ ബീൻസും ബട്ടർ ബീൻസും ബ്രൊക്കോളിയും കേരള വിപണിയിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാന്തല്ലൂരിൽ വ്യാപകമായി വിളയുന്ന ഈ വിളകൾ ഇതുവരെ കേരള വിപണിയിലെത്തിയിരുന്നില്ല. സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഇവയെത്തിച്ച് വില്പന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഹോർട്ടികോർപ്പ് ജില്ലാ അധികാരികൾക്ക് നിർദ്ദേശം ഉടനടി നല്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൃഷിയിറക്കുന്നതിനുള്ള സമയമായതിനാൽ വിറ്റ പച്ചക്കറിക്ക് വില ലഭിക്കാതെ വന്നത് കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.ജൂലായ് 18ന് കാന്തല്ലൂരിൽ കൃഷി മന്ത്രിയുടെ സന്ദർശന പരിപാടികളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് മൂന്നാറിൽ നടന്ന കർഷകരുടെ ആലോചന യോഗത്തിന് എത്തിയതാണ് ഹോർട്ടികോർപ്പ് എം.ഡി. കാന്തല്ലൂരിൽ വിളയുന്ന ബട്ടർ ബീൻസ്, മുരിങ്ങ ബീൻസ്, ബ്രോക്കോളി എന്നിവ കേരള വിപണിയിൽ വില്പന കുറവാണ് എന്ന കാരണത്തിനാലാണ് ഇവ ഹോർട്ടികോർപ്പ് സംഭരിക്കാത്തത്. എന്നാൽ ഗുണമേൻമയേറിയ ഈ പച്ചക്കറികൾ തമിഴ്നാട്ടിൽ നല്ല നിലയിൽ വിറ്റഴിക്കപ്പെടുന്നു. കർഷകന് ന്യായവില നല്കാതെയാണ് തമിഴ്നാട്ടിലേക്ക് ഇടനിലക്കാർ കടത്തി വരുന്നത്.ഇവയുടെ സംഭരണം ഹോർട്ടികോർപ്പ് ആരംഭിച്ചാൽ കർഷകന് ന്യായവില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.കുടിശിഖ ലഭിക്കാനുള്ളപ്പോഴും കർഷകർ ഇപ്പോളും ഹോർട്ടികോർപ്പിന് പച്ചക്കറി നല്കി വരുന്നുണ്ട്.