councilor
ആശാ വർക്കർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ആറാം വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നു

തൊടുപുഴ: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ആറാം വാർഡിലെ ഒമ്പത് വീടുകൾ അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ച് നഗരസഭയിൽ പരാതി നൽകിയ ആശാ വർക്കർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിൽ പ്രതിഷേധം. ആറാം വാർഡായ ബംഗ്ലാംകുന്നിലെ വീടുകൾക്കെതിരെയാണ് ആശാവർക്കർ പരാതി നൽകിയത്. പരാതി നൽകിയതിൽ പി.എം.എ.വൈ പദ്ധതി പ്രകാരം പണിയുന്ന വീടും ഉണ്ടായിരുന്നു. പരാതിയെ തുടർന്ന് 10 വർഷം മുമ്പ് മുറി കൂട്ടിചേർത്ത വീട് വരെ അനധികൃതമാണെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകി. തുടർന്ന് ഇന്നലെ രാവിലെ കൗൺസിൽ ഹാളിന് മുന്നിൽ ഒമ്പത് കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നു. കഴിഞ്ഞ ദിവസം വാർഡ് സഭയിലും ഇവർ പ്രതിഷേധിച്ചിരുന്നു. ഇവർക്ക് പിന്തുണയുമായി ആശാവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലറായ കെ. ഗോപാലകൃഷ്ണനും പ്ലക്കാർ‌‌ഡ് ഉയർത്തി പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാമെന്ന് നഗരസഭാ അദ്ധ്യക്ഷ ജെസി ആന്റണി ഉറപ്പ് നൽകി.