al

തൊടുപുഴ: തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളേജിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും മെഡിക്കൽ കൗൺസിലിന്റെയും സ്ഥിര അംഗീകാരം.150 എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് അംഗീകാരം നൽകി മെഡിക്കൽ ബോർഡ് അസി. സെക്രട്ടറി എസ്. സവിതയും കേന്ദ്ര ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി പി.കെ. ബന്ദോപാധ്യായയും ഉത്തരവിറക്കി. മെഡിക്കൽ കോളേജ് മികച്ച നിലയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സ്ഥിരാംഗീകാരം ലഭിച്ചതെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

12 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ഡെന്റൽ കോളേജിന് 50 സീറ്റിന് കൂടി അനുവദിച്ചു. 2013ൽ 50 സീറ്റിന് അംഗീകാരം ലഭിച്ചിരുന്നു. 650 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള അൽ- അസ്ഹർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 11 വിഭാഗങ്ങളിലായി നൂറിലധികം വിദഗ്ദ്ധ ഡോക്ടർമാരാണുള്ളത്. അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സൗകര്യമുള്ള പി.എം.ജെ.എ.വൈ പ്രകാരമുള്ള ആരോഗ്യ ഇൻഷ്വറൻസ് കാർഡിന്റെ പരിരക്ഷയും ആശുപത്രിയിൽ ലഭിക്കും.

ഫാർമസി കോളേജിൽ ബിഫാം, ഡിഫാം എന്നീ 60 സീറ്റുകൾ വീതമുള്ള കോഴ്സുകളുമുണ്ട്.

അൽ- അസ്ഹർ പബ്ലിക് സ്കൂൾ, ലാ കോളേജ്, ബി.എഡ് കോളേജ്, ടീച്ചേഴ്സ് ട്രെയ്നിംഗ് കോളേജ്, ആർട്സ് കോളേജ്, പാരാ മെഡിക്കൽ കോളേജ്, പോളിടെക്നിക് കോളേജ് എന്നിവയും അൽ-അസ്ഹറിന്റെ സ്ഥാപനങ്ങളാണ്. ഇവിടങ്ങളിലായി 6500ലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ഈ വർഷത്തെ അഡ്മിഷൻ സർക്കാർ നിശ്ചയിച്ച സമയത്ത് തന്നെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അൽ അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ പറഞ്ഞു. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. കെ.പി. ഷിയാസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ജി. ശ്യാമളകുമാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.