തൊടുപുഴ: രണ്ടര വർഷത്തിലേറെ അങ്കംവെട്ടി മുതൽ പാറക്കടവ് വരെയുള്ളവരെ ദുരിതത്തിലാക്കിയ ശേഷമാണ് പി.ഡബ്ല്യു.ഡി തൊടുപുഴ- രാമപുരം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് ടാറിംഗ് കഴിഞ്ഞതോടെ നിർമ്മാണകാലത്ത് പൊടി തിന്നതും മഴക്കാലത്ത് ചെളിക്കുഴിയിൽ വീണതുമെല്ലാം നാട്ടുകാർ മറന്നുതുടങ്ങിയിരുന്നു. അപ്പോഴാണ് റോഡരികിൽ ഓട നിർമ്മാണവുമായി പി.ഡബ്ല്യു.ഡി രംഗത്തെത്തിയത്. റോഡരികിൽ നിന്ന വീടിന്റെ മതിലും ഗേറ്റും വരെ പൊളിച്ചാണ് ഓട നിർമ്മിച്ച് തുടങ്ങിയത്. എന്നാൽ ചില മതിലുകൾ കാണുമ്പോൾ ഓട വളഞ്ഞുപോകുന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇലക്ട്രിക് പോസ്റ്റ് കണ്ടാലോ അവിടെ നിൽക്കും, ഓട. പിന്നെ ഒരടി അനങ്ങില്ല. എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖാ ഓഫീസിന് എതിർവശത്തുള്ള റോഡരികിൽ കൂടിയാണ് ഈ വ്യത്യസ്തമായ ഓട പോകുന്നത്. ഓട നിർമ്മിക്കാനായി സ്വകാര്യ വ്യക്തിയുടെ മതിലും ഗേറ്റും പൊളിച്ചിട്ട് നാളിതുവരെയായിട്ടും ഓട ഇതുവഴി വന്നില്ല. ഇദ്ദേഹത്തിന്റെ പുരയിടത്തിന് സമീപം വരെ നിർമ്മിച്ചിട്ടുണ്ട്. തൊട്ടുമുമ്പിലെ ഇലക്ട്രിക് പോസ്റ്റ് കണ്ട് പകച്ച് നിൽക്കുകയാണ് ഓട. വീടിന്റെ മതിലും ഗേറ്റും പൊളിക്കാമെങ്കിൽ എന്തുകൊണ്ട് പോസ്റ്റ് നീക്കികൂടെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പോസ്റ്റിന് അപ്പുറത്ത് പണിപൂർത്തിയാക്കാത്ത ഭാഗത്ത് മഴ പെയ്യുമ്പോൾ വെള്ളം നേരെ ഓടയ്ക്കായി മതിലും ഗേറ്റും പൊളിച്ചുനൽകിയ വ്യക്തിയുടെ പുരയിടത്തിലേക്കാണ് ഒഴുകുന്നത്. റോഡും ഓടയും തമ്മിലുള്ള അകലം എല്ലായിടത്തും ഒരുപോലെയല്ലെന്നും ആക്ഷേപമുണ്ട്. റോഡിനോട് ചേർന്ന് നിൽക്കുന്ന ചില മതിലുകൾ പൊളിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ ഓട റോഡിനോട് വളരെ ചേർന്നാണ് നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ ജില്ലാ കളക്ടർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് റോഡ് നിർമ്മാണത്തിന് ശേഷം അരികിൽ മണ്ണിടുന്നതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. തുടർന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ടെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഓടയുടെ കാര്യത്തിലും നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധസമരവുമായി രംഗത്തെത്താൻ ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം പ്ലാനിൽ ഇലക്ട്രിക് പോസ്റ്റിന്റെ അവിടെ വരെ മാത്രമേ ഓടയുള്ളൂവെന്നാണ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പറയുന്നത്. അപ്പോൾ പിന്നെ എന്തിനാണ് തൊട്ടടുത്ത വീടിന്റെ മതിലും ഗേറ്റും പൊളിച്ചതെന്ന ചോദ്യം ബാക്കിയാണ്.