കട്ടപ്പന: റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടും കട്ടപ്പന-മേട്ടുക്കുഴി റോഡ് നന്നാക്കാൻ നടപടിയില്ല. കട്ടപ്പനയിൽ നിന്നും വണ്ടൻമേട് വഴി കുമളിക്ക് പോകാനുള്ള എളുപ്പവഴിയാണിത്. റോഡിൽ പലയിടത്തായി വലിയ കിടങ്ങുകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ചെറുവാഹനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്.ഇതുവഴിയുണ്ടായിരുന്ന ബസ്റൂട്ടും നിലച്ചിരിക്കുകയാണ്.
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് മേട്ടുക്കുഴി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അമ്പലക്കവലയിൽ റോഡ് ഉപരോധിച്ചിട്ടും പി.ഡബ്ല്യു.ഡി മൗനം പാലിക്കുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് എട്ട് വർഷത്തോളമായെന്ന് പ്രദേശവാസികൾ പറയുന്നു.
വണ്ടൻമേട് മുതൽ മേട്ടുക്കുഴി വരെയുള്ള റോഡ് അറ്റകുറ്റപ്പണികൾ ചെയ്തപ്പോൾ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ അമ്പലക്കവല മുതൽ മേട്ടുകുഴി വരെയുള്ള ഏറ്റവും തകർന്നു കിടക്കുന്ന മൂന്ന് കിലോമിറ്റർ ദൂരം ടാർ ചെയ്യാൻ പൊതുമരമത്ത് വകുപ്പ് തയ്യാറായില്ല.
എട്ട് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. റോഡ് തകർന്നതോടെ ഇപ്പോൾ ഒരു ബസു പോലും സർവീസ് നടത്തുന്നില്ല. ടാക്സി വാഹനങ്ങളും ഈ മേഖലയിലേക്ക് വരാതെയായി.
റോഡ് സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.