മുട്ടം: പണി പൂർത്തിയായ കാർഷിക വിപണന കേന്ദ്രം കർഷക സംഘടനകൾക്ക് വിട്ടു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിപ്പിച്ചതാണ് ഈ കെട്ടിടം. കെട്ടിടത്തിൽ കാർഷിക വിപണന കേന്ദ്രം നടത്തിയാൽ ഒട്ടേറെ കർഷകർക്ക് ഏറെ പ്രയോജനം ലഭിക്കും. കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും വേണ്ടിയാണ് ഈ കെട്ടിടം നിർമിച്ചത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നാല് വർഷം മുമ്പ് ഹിൽ ഏരിയ ഡെവലപ്‌മെന്റ് അതോറിട്ടിയ്ക്കായി (ഹാഡ) 16 ലക്ഷം രൂപ മുതൽ മുടക്കിയാണ് ഇത് നിർമിച്ചത്. നാല് ഷട്ടറുകളിൽ നിർമിച്ച കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ചെങ്കിലും ഇതിൽ രണ്ട് ഷട്ടറുകളിൽ അംഗൻവാടി പ്രവർത്തിക്കുകയാണ്. ബാക്കിയുള്ള രണ്ട് ഷട്ടറുകൾ ഒരു പ്രവർത്തനവുമില്ലാതെ അടഞ്ഞു കിടക്കുകയാണ്. ഇത് കർഷകർക്ക് തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് പല സംഘടനകളും അപേക്ഷ നൽകിയിട്ട് ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചില്ല. എന്നാൽ യഥാർത്ഥ കർഷക സംഘടനകളെ ഒഴിവാക്കി മറ്റ് ചില കടലാസ് സംഘങ്ങൾക്ക് രണ്ട് റൂമുകൾ നൽകാൻ പഞ്ചായത്ത്‌ ശ്രമിക്കുന്നതായി ആക്ഷേപവുമുണ്ട്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മുട്ടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വിപണന കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. മുട്ടം പഞ്ചായത്തിന്റെ വിവിധ കമ്മറ്റികളിൽ മുറി നൽകുന്ന കാര്യം പരിഗണനയ്ക്ക് വന്നെങ്കിലും തീരുമാനമായില്ല. അംഗൻവാടിയുടെ പ്രവർത്തനം ഹാഡയുടെ കെട്ടിടത്തിൽ നിന്നുമാറ്റി കർഷകർക്ക് പ്രയോജനപ്പെടുന്ന കേന്ദ്രം ഇവിടെ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.