തൊടുപുഴ: പിളർപ്പിന്റെ തുടർചലനങ്ങൾ നിലയ്ക്കാത്ത കേരള കോൺഗ്രസ്- എമ്മിൽ യൂത്ത് ഫ്രണ്ടിനു പിന്നാലെ വനിതാ വിഭാഗവും രണ്ടായി. പി.ജെ. ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന അദ്ധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തൊടുപുഴയിൽ സംസ്ഥാന നേതൃയോഗം ചേർന്നു. യോഗത്തിൽ നിന്ന് ജോസ് കെ. മാണി വിഭാഗം വിട്ടുനിന്നു.
അതേസമയം, നേരത്തെ മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഓഫീസ് ജനറൽ സെക്രട്ടറി ശാന്തമ്മ വർഗീസ്, സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ. ലിസി ജോസ്, ജനറൽ സെക്രട്ടറി എൽസി രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തത് ജോസഫ് വിഭാഗത്തിന് നേട്ടമായി. യോഗം പി.ജെ. ജോസഫിനും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സമവായ ചർച്ചകൾ നടക്കുന്നതിനിടെ സംസ്ഥാന കമ്മിറ്റിയെന്ന പേരിൽ യോഗം വിളിച്ച് ജോസ് കെ. മാണിയെ ചെയർമാനായി പ്രഖ്യാപിച്ച നടപടി പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറിമാരായ ഡോ. മേഴ്സി ജോണും മറിയാമ്മയും പങ്കെടുത്തു. ജോസഫും ജോസ് കെ. മാണിയും പിരിഞ്ഞതിനു ശേഷം ആദ്യമായാണ് വനിതാ കേരളാ കോൺഗ്രസ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് പിളർന്നിരുന്നു.