മുട്ടം: ഇലപ്പള്ളി- ഇല്ലിചാരി റോഡ് ടാറിംഗ് നടത്തി രണ്ടാഴ്ച തികയുന്നതിനു മുമ്പ് പൊളിഞ്ഞിതിനെ തുടർന്ന് നാട്ടുകാർ വിജിലൻസിൽ പരാതി നൽകി. മുട്ടം ഇലപ്പള്ളി- ഇല്ലിചാരി വഴി പഴയമറ്റത്തിനുള്ള റോഡിന്റെ ടാറിംഗിൽ അപാകതയുണ്ടെന്നാണ് പരാതി ഉയർന്നത്. ടാറിംഗ് നടത്തി അടുത്ത ദിവസം തന്നെ പൊളിഞ്ഞു തുടങ്ങി. മെറ്റലുകൾ ചിതറി റോഡ് തകർന്നു. ഇറക്കവും വളവുകളുമുള്ള സ്ഥലങ്ങളിൽ ടാർ ഒഴുകി പരന്നാണ് കിടക്കുന്നതും. റോഡ് നിർമാണം നടത്തിയത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ റോഡ് നിർമാണത്തിലെ അജ്ഞതയാണ് അപാകതയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ ആവശ്യത്തിന് ടാറും മെറ്റലും ചേർത്തിട്ടില്ലെന്നും പരാതിയുണ്ട്. മുട്ടം,​ കരിങ്കുന്നം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡും ഇതാണ്. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ നടത്തിയ ജോലിയിലെ അപാകതകൾ പരിഹരിച്ച് നിർമാണത്തിലെ അഴിമതിക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി നാട്ടുകാർ ഒപ്പിട്ട ഹർജിയാണ് ജില്ലാ വിജിലൻസിന് നൽകിയത്.