bodymettu
ബോഡിമെട്ടിലെ എക്‌സൈസ് ചെക്ക് പോസ്റ്റ്‌

രാജാക്കാട് : ഇവിടെ ഒരു ചെക്ക് പോസ്റ്റ് ഏത് സമയവും ഇടിഞ്ഞ് വീഴാം, നല്ലൊരു ചെക്ക് പോസ്റ്റ് അടുത്ത് ഒഴിഞ്ഞ് കിടക്കുന്നു. ബോഡിമെട്ട് എക്‌സൈസ് ചെക്ക് പോസ്റ്റാണ് അപകടാവസ്ഥയിലായത്. ഏതാനും മീറ്റർ അകലെവാണിജ്യനികുതി ചെക്ക്‌പോസ്റ്റ് ആയി ഉപയോഗിച്ചിരുന്ന കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമായെങ്കിലും ഇനിയും നടപടിക്രമങ്ങൾ പൂർത്തിയായില്ല. തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ച കസ്റ്റംസ് ഹൗസ് കെട്ടിടത്തിലാണ് കേരളാ തമിഴ്നാട് അതിർത്തിയിലെ ബോഡിമെട്ട് വാണിജ്യ നികുതി ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. വാറ്റ് സമ്പ്രദായം നടപ്പിലാക്കിയതോടെ ഇതിന്റെ പ്രവർത്തനം നിലച്ചു. രാജഭരണത്തിന്റെ മുദ്ര പേറുന്ന ചരിത്ര സ്മാരകമായ കെട്ടിടം അറ്റകുറ്റ പണികൾ നടത്തി എക്‌സൈസ് ചെക്ക് പോസ്റ്റ് ആയി ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തുടർ നടപടി ഉണ്ടായിട്ടില്ല. ദേശീയ പാതയുടെ പുറമ്പോക്കിൽ ദയനീയമായ ചുറ്റുപാടുകളിൽ ഇടുങ്ങിയ ഒറ്റമുറി ഷെഡ്ഡിലാണ് എകൈസിന്റെ ചെക്ക് പോസ്റ്റ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. എട്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവർക്ക് എല്ലാവർക്കും ഒരേസമയം ഉള്ളിൽ കയറി നിൽക്കുന്നതിനുള്ള സ്ഥല സൗകര്യം പോലുമില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ വേറെ സ്ഥലം കണ്ടെത്തണം. കള്ളക്കടത്ത് ലഹരി മാഫിയ സംഘങ്ങൾ സജീവമായ പ്രദേശമാണെങ്കിലും, അവരെ നേരിടുന്നതിന് വാഹനമൊ ആയുധങ്ങളോ ഇല്ല. പിടികൂടുന്ന പ്രതികളെയും തൊണ്ടിമുതലും സൂക്ഷിക്കുന്നതിനും സൗകര്യമില്ല. നനഞ്ഞൊലിക്കുന്ന മേൽക്കൂരയും ഭിത്തികളും ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലുമാണ്. ഈ പ്രശ്നങ്ങൾ എക്‌സൈസ് കമ്മീഷണറെ ജീവനക്കാർ നേരിട്ട് അറിയിച്ചിട്ടുണ്ട്.