കട്ടപ്പന:ഏലം ലേലത്തിലെ ഉയർന്ന വിലയിലെ റെക്കോർഡ് വർദ്ധനവിൽ ഒത്തുകളിയെന്ന് ആരോപണം. ലേല കേന്ദ്രങ്ങളിൽ പതിയുന്ന ഏലക്കായുടെ അളവ് വർദ്ധിപ്പിക്കാനും ഉയർന്ന വിലയുടെ റെക്കോർഡ് സ്വന്തമാക്കാനുമുള്ള ലേലം ഏജൻസികളുടെ മൽസരത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം. ഇതോടെ അമ്പരപ്പിക്കുന്ന വില കടലാസിലുണ്ടെങ്കിലും സാധാരണ കർഷകർക്ക് പ്രയോജനപ്പെടില്ല..
പുറ്റടി സ്പൈസ് പാർക്കിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമാണ് ജില്ലയിൽ നിന്നുള്ള ഏലക്കാ ലേലം നടക്കുന്നത്. പത്തോളം സ്വകാര്യ ഏജൻസികളാണ് ഏലക്കാ ലേലം നിയന്ത്രിക്കുന്നത്. മിക്ക ദിവസങ്ങളിലും രണ്ട് ലേലം വീതം നടത്തുന്നുണ്ട്.ഇപ്പോൾ ഏലക്ക സുലഭം അല്ലാത്തതിനാൽ ലേലം കേന്ദ്രങ്ങളിലെത്തുന്ന കായുടെ അളവിലും വൻ കുറവാണ് അനുഭവപ്പെടുന്നത്.
സാധാരണ കർഷകരുടെ കൈവശം ഏലക്കാ സ്റ്റോക്ക് ഇല്ല. എന്നാൽ വൻകിട വ്യാപാരികളുടെയും എസ്റ്റേറ്റ് ഉടമകളുടെയും പക്കൽ വൻതോതിൽ ഏലക്കാ ഉണ്ട്. ഇത് ലേലം കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി കമ്പനികൾ പല തന്ത്രങ്ങളും പയറ്റുന്നുണ്ട്.ഇതിന്റെ ഭാഗമായി ഉയർന്ന വിലയിൽ റെക്കോർഡ് സൃഷ്ടിച്ച് പരമാവധി ഏലക്ക തങ്ങളുടെ കൈവശം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വില കുത്തനെ ഉയർത്തുന്നതെന്നാണ് സൂചന.
കഴിഞ്ഞ ഒരു മാസമായി കുറഞ്ഞ അളവിൽ മാത്രമാണ് ഏലക്കാ ലേലത്തിന് എത്തുന്നത്. മുൻ സീസണുകളിൽ ഒരു ദിവസം ഒന്നര ലക്ഷത്തിലധികം കിലോ ഏലക്കാ പതിഞ്ഞിരുന്നു. ഇതേ സ്ഥാനത്ത് ഇപ്പോൾ ദിവസം ശരാശരി 20,000 കിലോ മാത്രമാണ് ലേലത്തിന് എത്തുന്നത്. 5000 കിലോയിൽ താഴെ മാത്രം പതിഞ്ഞ ദിവസങ്ങളുമുണ്ട്.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂവായിരം രൂപയോളം വർധിച്ചാണ് ഉയർന്ന വിലയായ 5740 രൂപ രേഖപ്പെടുത്തിയത്.
അരിച്ചെടുത്ത 8, 9 ബോൾട്ട് ഏല്ക്കായ്ക്ക് മാത്രമാണ് ഉയർന്ന വില ലഭിക്കുന്നത്. ചെറുകിട ഇടത്തരം കർഷകർക്ക് ഇത്തരത്തിൽ കായ് പതിവിന് എത്തിക്കാൻ സാധിക്കില്ല.
വളംകമ്പനികമ്പനികൾക്ക്
കൊയ് ത്ത്കാലം
വിലയിലെ റെക്കോർഡ് സൃഷ്ടിക്കൽ വളം കീടനാശിനി കമ്പനികളെ സഹായിക്കാനാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏലത്തിന് സ്വപ്ന വില ലഭിക്കുന്നതോടെ വയലുകളും തരിശുഭൂമിയും വരെ നികത്തി കർഷകർ ഏലംകൃഷി തുടങ്ങിയിട്ടുണ്ട്. രാസവള പ്രയോഗത്തിലൂടെ എത്രയും വേഗം വിളവ് നേടുന്നതിനുള്ള പരിശ്രമം ഫലത്തിൽ വളം, കീടനാശിനി കമ്പനികൾക്കാണ് ഗുണം ചെയ്യുക. വേനൽമഴയുടെയും കാലവർഷത്തിന്റെയും കുറവ് മൂലം അടുത്ത സീസണിലും ഏലം ഉത്പാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്