തിരുവനന്തപുരം : ജലപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ചെറുതോണിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ ഉജ്ജീവന വായ്പാ പദ്ധതി വഴിയുള്ള വായ്പാ സഹായം ലഭ്യമാക്കുന്നതാണെന്ന് റവന്യൂ മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. മഹാപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ജില്ലാ ആസ്ഥാനത്തുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ, ഉപജീവനത്തിനായി ഇതര മാർഗ്ഗങ്ങൾ സ്വീകരിച്ചവർക്കെല്ലാം നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് റോഷി അഗസ്റ്റിൻ സമർപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറുതോണി ഡാമുകളിലെ ജലനിരപ്പ് ഉയർന്നപ്പോൾ അധിക ജലം തുറന്നുവിട്ടതുവഴി ചെറുതോണിയിലെ 28 വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. രേഖകൾ ലഭ്യമല്ലാത്തതിനാൽ കെട്ടിടങ്ങളിൽ നിന്ന് ഒലിച്ചുപോയ സ്റ്റോക്കിന്റെ നാശനഷ്ടം കണക്കാക്കാൻ സാധിച്ചിട്ടില്ല. ഈ സ്ഥാപനങ്ങൾ ജിയോ ടാഗ് ചെയ്ത് സർക്കാരിന്റെ ഡാറ്റാ ബേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ബാങ്കിലേക്ക് സമർപ്പിച്ചിരിക്കുന്ന ലോൺ അപേക്ഷകൾക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അപേക്ഷയിൻമേൽ ഈടൊന്നും കൂടാതെ 3 ലക്ഷം രൂപവരെ വായ്പ നൽകാൻ ജില്ലാ സഹകരണ ബാങ്ക് തയ്യാറായിട്ടുണ്ടെന്നും പുറമ്പോക്കു ഭൂമിയിൽ സ്ഥിതി ചെയ്തിരുന്നതിനാൽ ആ സ്ഥലത്ത് പുനർനിമ്മാണത്തിന് അനുമതി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. കേരള സർക്കാർ റീബിൽഡ് കേരള ഫോർ ഫ്ളഡ് അഫക്റ്റഡ് യൂണിറ്റ്സ് എന്ന പേരിൽ ഇന്ററസ്റ്റ് സബ്‌വെൻഷൻ സ്‌കീമും മെഷിനറികൾ നഷ്ടപ്പെട്ട യൂണിറ്റുകൾക്ക് സബ്‌വെൻഷൻ സ്‌കീമും നടപ്പിലാക്കുമെന്നും എഴുതി തയ്യാറാക്കി നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.