നെടുങ്കണ്ടം/ പീരുമേട് : റിമാന്റ് പ്രതിയുടെ മരണം സ്വാഭാവികമായി എഴുതിത്തള്ളാനുള്ള നീക്കം പൊളിയുന്നു. വായ്പ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പീരുമേട് സബ്ജയിലിൽ റിമാന്റിലിരിക്കെ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടില്ലെന്ന പൊലീസിന്റെ വാദമാണ് പൊളിയുന്നത്. പന്ത്രണ്ടാം തീയതി കസ്റ്റഡിയിലെടുത്ത വാഗമൺ കോലഹലമേട് കസ്തൂരിഭവനിൽ രാജ് കുമാർ (49) നെ തെളിവെടുപ്പിനായി അന്നേദിവസം രാത്രി ഒന്നിന് കോലഹലമേട്ടിലെ വീട്ടിൽ എത്തിച്ചിരുന്നു. ഇവിടെ വെച്ച് പ്രതിയെ പൊലീസ് ക്രൂരമായി മർദിക്കുന്നത് കണ്ടതായി അയൽവാസികളും ബന്ധുക്കളുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രതിയുടെ മെഡിക്കൽ റിപ്പോർട്ട് എടുക്കുന്നതിന് എത്തിച്ചപ്പോൾ മർദേമേറ്റ് അവശനായിരുന്നതായും 12 മണിക്കൂർ നിരീക്ഷണത്തിൽ വെച്ച ശേഷമാണ് പ്രതിയെ വിട്ടയച്ചതെന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയി അധികൃതർ പറഞ്ഞു. കേസിൽ അറസ്റ്റിലായ തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ് (43), വെന്നിപ്പറമ്പിൽ മഞ്ജു (33) എന്നിവർക്കൊപ്പം രാജ് കുമാറിനെയും കഴിഞ്ഞ 12ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മൂന്നുപേരെയും ഒന്നിച്ചാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്നത്. തട്ടിപ്പ് നടത്തിയ സ്ഥാപനം പൂട്ടിയതറിഞ്ഞ് സ്റ്റേഷനിൽ തടിച്ചുകൂടിയവരുടെ മുന്നിലൂടെയാണ് മൂന്ന് പേരെയും സ്റ്റേഷന് അകത്തേക്ക് കൊണ്ടുപോയത്.

തൂക്കുപാലത്ത് വാടക വീട്ടിൽ നിന്നാണ് രാജ് കുമാറിനെ പൊലീസ് പിടികൂടിതെന്നാണ് ആദ്യം നൽകിയ വിവരം. ഹൃദയ സംബന്ധമായ അസുഖവും ഒരു കാലിന് മുടന്തുള്ള പ്രതിയെ പോലീസ് ഓടിച്ചിട്ട് സാഹസികമായി പിടകൂടിയെന്ന വാദവും സംശത്തിന്റെ നിഴലിലാണ്. ആരോഗ്യനില മോശമായതോടെയാണ് 15ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 15ന് അർദ്ധരാത്രിയിൽ താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചു. തൂക്കുപാലത്തെ വാടക വീട്ടിൽ പരിശോധന നടക്കുന്നതിനിടെ പ്രതി ഓടി രക്ഷപെട്ടപ്പോൾ വീണ് കാലിന് പരുക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് പറഞ്ഞ്രുന്നത്. പ്രതിയുടെ അവസ്ഥ മോശമാണെന്നും എക്സറേ എടുക്കണമെന്നും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നത് അപകടമാണെന്നും ഡ്യൂട്ടി ഡോക്ടർ പറഞ്ഞതായാണ് വിവരം. എന്നാൽ പ്രാഥമിക ചികിത്സ തേടിയശേഷം നടക്കാൻ കഴിയാത്ത പ്രതിയെ വീണ്ടും സ്റ്റേഷനിൽ എത്തിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയിൽ നിന്നും നൽകിയ സ്‌ട്രെച്ചറിലാണ് പ്രതിയെ കോടതിയിലും പീരുമേട് സബ് ജയിലിലും എത്തിച്ചത്.രാജ്കുമാർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രാജ്കുമാറിന്റെ രണ്ട് കാൽമുട്ടിന് താഴെയും തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു. ഈ മുറിവുകൾ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കുകയാണെന്ന് കട്ടപ്പന ഡിവൈ.എസ്പി എൻ.സി. രാജ്‌മോഹൻ പറഞ്ഞു.

പൊലീസിനെ ഭയന്നാണ് മരണത്തിൽ ദുരൂഹതയില്ലെന്നു മൊഴി നൽകിയതെന്ന് ബന്ധുക്കളുടെ നിലപാട് .ഹൃദയാഘാതം മൂലം മരിച്ചെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചിരുന്നത്.ഇതിനാലാണ് പരാതിയില്ലെന്ന് പറഞ്ഞതെന്ന് ഭാര്യ പറയുന്നത്.സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പി.യും പ്രക്ഷോപ പരിപാടികളുമായി രംഗത്തെത്തി.മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി .