രാജാക്കാട് : കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ എക്‌സൈസ് നടത്തിയ സംയുക്ത പരിശോധനയിൽ ബൈക്കിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 250 ഗ്രം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശികളായ തച്ചിരുപറമ്പിൽ ശ്യാം സുന്ദർ (23), മണപ്പാട്ട് ആനന്ദ് (22) എന്നിവരെയാണ് ഉടുമ്പൻചോല റേഞ്ച് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബൈക്കിന്റെ പിൻഭാഗത്തെ നമ്പർ പ്ലേറ്റിന് ഉൾവശത്തായാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനി ജീവനക്കാരായ ഇവർ കമ്പത്ത് നിന്നും സ്വന്തം ഉപയോഗത്തിനായി 3,500 രൂപയ്ക്ക് വാങ്ങിയതാണെന്ന് മൊഴി നൽകി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, രാധാകൃഷ്ണൻ, സി.ഇ.ഒമാരായ ശശീന്ദ്രൻ, നെബു, അനീഷ്, ഷിയാദ് എന്നിവരും പങ്കെടുത്തു.