കുമളി:കോളനികളിൽ പനിബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ചികൽസതേടി ആശുപത്രികളിലെത്തുന്നവരിൽ വൻവർദ്ധന. ഇന്നലെ അൻപതിലധികംപേരാണ് കുമളി സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിയത്.സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ കോളനികൾ പനി കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.കുമളി റോസാപ്പൂക്കണ്ടം, പെരിയാർ കോളനികളിൽ പനി ബാധിതരുടെ എണ്ണം ഏറെയാണ്. റോസാപ്പൂക്കണ്ടം കോളനിയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. പാത്രങ്ങളിലും ടാങ്കുകളിലും മറ്റും ജനങ്ങൾ വെള്ളം ശേഖരിക്കുന്നുണ്ട്. ഇങ്ങനെ ദിവസങ്ങളോളം സൂക്ഷിക്കുന്ന വെള്ളത്തിൽ കൊതുകൾ വളരുന്നതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ കോളനികളിലെത്തി മുൻകരുതൽ നടപടികളും മരുന്നും നൽകിത്തുടങ്ങി. കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മതിയായ ഡോക്ടർമാരില്ലാത്തത് സ്ഥിതി കൂടുതൽപ്രതിസന്ധിയിലാക്കുന്നു.പ്രതിദിനം നൂറിൽ അധികം രോഗികളാണ് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നത്. ചികിത്സിക്കാൻ ഒന്നോ രണ്ടോ ഡോക്ടർമാർ .പരിശോധന കഴിഞ്ഞാൽ രോഗികൾക്ക് നൽകാൻ കേന്ദ്രത്തിൽ മരുന്നുമില്ല. ആരോഗ്യ കേന്ദ്രത്തിന് സമീപമായുള്ള മന്നാക്കുടി, പളിയക്കുട്ടി എന്നീ ആദിവാസി കോളനിയിലെ ജനങ്ങൾ പ്രധാനമായും ഈ ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഡോക്ടർമാരുടെ കുറവ് മൂലം ചികിത്സ തേടി എത്തുന്നവർ മണിക്കുറുകളോളം കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ്..കുമളിയിലെ ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്ന പെരിയാർ ആശുപത്രി പൂട്ടിയതോടെ ആശ്രയം ആരോഗ്യ കേന്ദ്രമായി. ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതും രോഗികളെ വലയ്ക്കുകയാണ്.കുമളിപ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഫസ്റ്റ് റഫറൽ യൂണിറ്റായി ഉയർത്തി 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.