രാജാക്കാട്: പഴയവിടുതി റോഡ് തകർന്ന് വെള്ളക്കെട്ടായി മാറി. രാജാക്കാട് മേഖലയെ താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടവുമായി ബന്ധിപ്പിക്കുന്ന രാജാക്കാട് കുത്തുങ്കൽ മൈലാടുംപാറ പി.ഡബ്ള് യു.ഡി റോഡിന്റെ ഭാഗമാണിത്. ടൗൺ മുതൽ കുത്തുങ്കൽ വരെയുള്ള ഭാഗം ഒട്ടുമുക്കാലും സ്ഥലങ്ങളിൽ പൊളിഞ്ഞ് കിടക്കുകയാണെങ്കിലും പഴയവിടുതി വരെയുള്ള രണ്ട് കിലോമീറ്ററാണ് തീർത്തും തകർന്നിരിക്കുന്നത്. പ്രളയകാലത്ത് ടാറിംഗ് തകർന്ന ഇടങ്ങൾ വലിയ കുഴികളായി മാറി മഴവെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. വില്ലേജ് ഓഫീസിന് മുൻവശത്തും പഴയവിടുതി റേഷൻകടയ്ക്ക് സമീപത്തും ചെളിക്കുഴികൾ രൂപപ്പെട്ടതോടെ കാൽനട പോലും പറ്റാതായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. മന്ദിരംസിറ്റി, മമ്മട്ടിക്കാനം, പള്ളിക്കവല എന്നിവിടങ്ങളിലെ കുഴികളും അപകടക്കെണിയായിരിക്കുകയാണ്. കൊടുംവളവുകളും ഇറക്കവുമുള്ള മമ്മട്ടിക്കാനം എസ്. വളവ് ഭാഗത്ത് പ്രളയകാലത്ത് റോഡിന്റെ പാതിയോളം ഇടിഞ്ഞത് കെട്ടുന്നതിനും നടപടിയായിട്ടില്ല. കുത്തുങ്കൽ, വട്ടക്കണ്ണിപ്പാറ, മാവറസിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് നിത്യവും ഉപയോഗിക്കുന്ന റോഡാണിത്. മൂന്നാർ, കുമളി, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളും നിരവധി ലൈൻ ബസുകളും കടന്നുപോകുന്നത് ഇതുവഴിയാണ്.