ഇടുക്കി:ഗ്രാമീണ മേഖലകളിൽ പ്രളയാനന്തര പുനർ നിർമ്മാണങ്ങളിൽ പങ്കു ചേർന്ന് കെയർ ഇന്ത്യ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും. പ്രളയാനന്തര ഭവനങ്ങളുടെ പുനർനിർമ്മാണം, കാർഷിക മേഖലയുടെ പുനരുദ്ധാരണം തുടങ്ങിയവ ഏറ്റെടുത്ത് പഞ്ചായത്തുകളുടെയും വില്ലേജുകളുടെയും സഹകരണത്തോടെയാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ കെയർ ഇന്ത്യ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. കഴിഞ്ഞ ഒമ്പതുമാസത്തോളം നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കെയർ ഇന്ത്യ പ്രതിനിധികളുടെ യോഗം അടിമാലിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ദേവികുളം തഹസിൽദാർ കെ എം ഷാജി നിർവ്വഹിച്ചു.
ജില്ലയിൽ വെള്ളത്തൂവൽ, അടിമാലി, ദേവികുളം, വാത്തികുടി തുടങ്ങി പത്തോളം വില്ലേജുകളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കെയർ ഇന്ത്യ പങ്കുചേർന്നു. 2030 ശതമാനം കേടുപാടുകൾ സംഭവിച്ച 171 വീടുകളുടെ അറ്റകുറ്റ പണികൾ, വിവിധ ഇടങ്ങളിലായി 250 ഏക്കറോളം കൃഷിഭൂമിയുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തിയത്.അടിമാലി കൊരങ്ങാട്ടിയുൾപ്പടുന്ന 45 ഏക്കറോളം പാടശേഖങ്ങളും ഇതിൽ ഉൾപ്പെടുന്നു.പത്തുപേരടങ്ങുന്ന വിവധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പത്തു വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന കർഷകരെയും തൊഴിലാളികളെയും ഉൾപ്പെടുത്തി 15,230 തൊഴിൽ ദിനങ്ങളും ജില്ലയിൽ സമ്മാനിച്ചു.ജില്ലയിൽ 105 കിണറുകൾ ശുചീകരിച്ചതിനൊപ്പം 85 കമ്മ്യൂണിറ്റി സെന്ററുകളും പ്രവർത്തനക്ഷമമാക്കി.അടിമാലിയിൽ നടന്ന അവലോകന യോഗത്തിൽ കെയർ ഇൻഡ്യ ജില്ലാ കോഡിനേറ്റർ ഡോ ഷിബു,സംസ്ഥാന പ്രതിനിധി ശ്യാമള അശോക്,ടി. ലിസ,വി ആർ ഹരിബാലാജി തുടങ്ങിയവർ സംസാരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. കെയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ വിശകലം ചെയ്തുള്ള ഹാന്റ് ബുക്കും ചടങ്ങിൽ പ്രകാശനം ചെയ്തു.